സിദ്ധാര്‍ത്ഥന്റെ മരണം താങ്ങാനാകാത്ത വലിയൊരു ഹൃദയഭാരം ഉണ്ടാക്കിയിരിക്കുകയാണ്. ഒരച്ഛന്റെയും അമ്മയുടെയും ദുഃഖം എന്നതിനപ്പുറത്തേക്ക് കേരളത്തിന്റെ പൊതുസൂഹത്തിന്റെയുള്ളില് വേദനയുടെ നെരിപ്പോട് കത്തുന്നു. മനുഷ്യത്വം അവശേഷിച്ചിട്ടുള്ള മുഴുവന്‍ ആള്‍ക്കാരും ഇത്തരം ക്രൂരതയെ എതിര്‍ക്കുകയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മാനവ മൂല്യങ്ങളും സ്നേഹവും വറ്റിവരണ്ട ഏതോ മരുഭൂമിയിലെത്തപ്പെട്ട മനുഷ്യജീവികളുടെ അവസ്ഥയിലാണ് നാം. രാഷ്ട്രീയാതീതമായി പരിഷ്കൃത സമൂഹം ഒരുമിച്ച് നിന്ന് ഇതിനെ അപലപിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങും പരസ്പര ആക്രമണവുമെല്ലാം മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ആജന്മ ശത്രുവിനോട് ചെയ്യുന്നതുപോലുള്ള ക്രൂരത ഉണ്ടായിട്ടില്ല. ഞാനുമൊരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തില്‍ അടിക്കുകയോ തൊഴിക്കുകയോ ചെയ്തെന്നിരിക്കാം. എന്നാല്‍ ഇവിടെ വളരെ നാളത്തെ ആസൂത്രണത്തിനു ശേഷം ഒരു വിദ്യാര്‍ഥിയെ ക്രൂരമായി കൊലചെയ്തിരിക്കുകയാണ്. സംസ്കാരത്തെക്കുറിച്ച് കൊട്ടിഘോഷിക്കുകയും നവോത്ഥാനത്തെക്കുറിച്ച് ആണയിടുകയും ചെയ്യുന്ന കേരളത്തില്‍ ഇതുപോലൊന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
ഇതാണ് അടുത്ത തലമുറ പ്രവര്‍ത്തിക്കുന്ന സമ്പ്രദായമെന്നുവന്നാല് അപകടമാണ്. രാഷ്ട്രീയകക്ഷികളോ മറ്റാരെങ്കിലുമോ ഇക്കാര്യങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അത് വലിയ അപകടസൂചനയാണ്. അത് സ്ഫോടനാത്മക അന്തരീക്ഷത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും. നാടിന്റെ പൊതുവായ ഗതിയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിക്കും.
കുട്ടികള്‍ ഇത്തരം കൊടുംക്രൂരത ചെയ്യുന്നത് അവര്‍ക്ക് മുതിര്‍ന്നവരോ അധികാര സ്ഥാനങ്ങളോ പിന്തുണ നല്കുന്നതുകൊണ്ടാണ്. ഇത് അപകടകരമായ ഭാവിയിലേക്ക് നമ്മെ നയിക്കും.
കാമ്പസുകളിലെ മയക്കുമരുന്നുപയോഗവും വര്‍ധിച്ചുവരികയാണ്. ആരെന്ത് ചെയ്യുന്നുവെന്ന് നിശ്ചയമില്ലാത്ത അരാചകത്വത്തിലേക്കാണ് കാമ്പസുകളുടെ പോക്ക്. നാം നേടിയെടുത്തത് മുഴുവന്‍ ഒറ്റയടിക്ക് നിലംപരിശാവുകയാണ്. ഇതിനെക്കുറിച്ച് ഗൗരവമായ മുന്‍കരുതലെടുക്കണം. അതിനുവേണ്ടി തയാറാകുന്നവര്ക്കെല്ലാവര്ക്കും ഒപ്പമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: