തിരുവനന്തപുരം: അമ്പത് ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ നാടായി കേരളം മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്. മൂന്ന് കോടിയിലേറെ അപേക്ഷകളാണ് പിഎസ്സി ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നതായും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
ഓള് കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റ് നടയില്‍ നടത്തി വരുന്ന സമരത്തോടനുബന്ധിച്ച് അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നിസാമിനെയും പോലെ കോപ്പിയടിച്ച് പോലിസ് റാങ്ക് ലിസ്റ്റില്‍ കയറിയവരല്ല സമരം ചെയ്യുന്നത്.
കഷ്ടപ്പെട്ട് ഉറക്കമിളച്ചിരുന്ന് പഠിച്ച് കായിക ക്ഷമതാ പരീക്ഷ ഉള്‍െപ്പടെ പാസായവരാണ്. പരീക്ഷ എഴുതി പാസാകാത്തവരെയും, കായിക ക്ഷമതാ പരീക്ഷയില്‍ പാസാകാത്തവരെയും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച എസ്ഐ റാങ്ക് ലിസ്റ്റ് കഴിഞ്ഞദിവസം റദ്ദ് ചെയ്തു. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോഴാണ് പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തത്. എന്തിനാണ് പിഎസ്സി എന്നു പറയുന്ന സംവിധാനം എന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് ദിവസത്തോളം ക്രൂരമര്‍ദ്ദനമേറ്റ സിദ്ധാര്‍ത്ഥന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാരന് പറഞ്ഞത് സ്വാഭാവിക മരണം എന്നാണ്. ഇത്തരത്തിലുള്ളവരെ സേനയില്‍ വച്ച് വാഴിക്കാന്‍ പാടില്ലെന്നും പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: