വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേിലയ ആതിഥേയരെ കുറഞ്ഞ സ്കോറില്‍ പുറത്താക്കി. ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള ലീഡ് നേടിയിട്ടും ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലത്തെ കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു നില്ക്കയാണ്.
204 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റ് ചെയ്ത് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍ സ്റ്റീവ് സ്മിത്തിനെയും(പൂജ്യം) മാര്‍നസ് ലഭൂഷെയ്നെയും(രണ്ട്) ആണ് നഷ്ടപ്പെട്ടത്. കിവീസ് നായകന് ടിം സൗത്തിയുടെ പന്തിലാണ് ഇരുവരും പുറത്തായത്. ഓപ്പണര്‍ ഉസ്മാന് ഖവാജ(അഞ്ച്)യ്ക്കൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ നഥാന്‍ ലിയോണ്‍(ആറ്) ആണ് ക്രീസിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയ 383 റണ്‍സിനെതിരെ ഇറങ്ങിയ ന്യൂസിലന്‍ഡിനെ പാറ്റ് കമ്മിന്‍സും കൂട്ടരും വെറും 179 റണ്‍സില്‍ എറിഞ്ഞിട്ടു. സ്പിന്നര്‍മാര്‍ക്ക് മേല്‍കൈയുള്ള വെല്ലിങ്ടണ്‍ പിച്ചില്‍ ഓസീസ് താരം നഥാന്‍ ലിയോണ്‍ ആണ് കിവീസിനെ ചുരുട്ടിക്കെട്ടാന്‍ മുന്നില്‍ നിന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ടോം ലാതം ക്ലീന്‍ ബൗള്‍ഡ് ആകുമ്പോള്‍ കിവീസ് സ്കോര്‍ 4.4 ഓവറില്‍ 12 റണ്‍സിലെത്തിയിരുന്നു. ആതിഥേയര്‍ അതിനെ മറികടക്കുമെന്നാണ് വിചാരിച്ചത്. അതേ ഓവറിന്റെ അവസാന പന്തില്‍ അവിചാരിത പ്രഹരം. സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ് റണ്ണൗട്ടിലൂടെ പുറത്തേക്ക്. ഇത് ഒരു വന്‍ തകര്‍ച്ചയുടെ തുടക്കമായി. കിവീസ് 29 റണ്‍സിലെത്തുമ്പോള്‍ അഞ്ച് വിക്കറ്റും വീണു. വില്ല്യംസണിന് പുറമെ രചിന് രവീന്ദ്രയും പൂജ്യത്തിന് പുറത്തായി. വില്‍ യങ്(11), ഡാരില്‍ മിച്ചല്‍(11) എന്നിവരടങ്ങിയ മൂന് നിരയും മദ്ധ്യനിരയും അതിവേഗം ആയുധം വച്ച് കീഴടങ്ങി.
പിന്നീട് ഒത്തുചേര്‍ന്ന ടോം ബ്ലണ്ടെലും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം അല്‍പ്പം ആശ്വാസം പകര്‍ന്നു. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി നില ഭദ്രമാക്കുന്നതിനിടെ ബ്ലണ്ടെലിനെ(33) ലിയോണ്‍ പുറത്താക്കി. തൊട്ടുപിന്നാലെയെത്തിയ കുഗ്ഗെലെയിനെ ലിയോണ്‍ പൂജ്യത്തിന് തിരിച്ചയച്ചു. ഫിലിപ്സിനൊപ്പം ചേര്‍ന്ന മാറ്റ് ഹെന്റി കിട്ടിയ അവസരത്തില്‍ അടിച്ചുതകര്‍ത്തു. ഈ സമയം അര്‍ദ്ധസെഞ്ചുറിയുമായി നിന്ന ഗ്ലെന്‍ ഫിലിപ് മറുവശത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടിരുന്നു. കിവീസ് സ്കോര്‍ 161ലെത്തിയപ്പോള്‍ ഹെയ്സല്‍ വുഡിന്റെ പന്തില്‍ ഫിലിപ്സ്(71) പുറത്തായി. ഇതോടെ കിവീസിന്റെ ആദ്യ ഇന്നിങ്സിന്റെ കാര്യത്തില്‍ തീരുമാനമായി. നായകന് ടിം സൗത്തി ഒരു റണ്‍സ് സാംഭാവന ചെയ്ത് പുറത്തായതിന് പിന്നാലെ ഹെന്റി(42)യിലൂടെ ടീമിന്റെ പത്താം വിക്കറ്റും വീണു. ലിയോണ്‍ ആണ് ഹെന്റിയെ പുറത്താക്കിയത്.
തലെന്ന് സെഞ്ചുറി തികച്ച് നിന്ന ഓസീസ് താരം കാമറോണ്‍ ഗ്രീന്‍ ടീമിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടല്‍ പരമാവധി വലുതാക്കിയാണ് മടങ്ങിയത്. വിലപ്പെട്ട സെഞ്ചുറി പ്രകടനം കാഴ്ച്ചവച്ചതാരം 275 പന്തുകള്‍ നേരിട്ട് 174 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെയ്സല്‍വൂഡ്(22) ആണ് ഓസീസ് നിരയില്‍ അവസാനം പുറത്തായത്. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിചേര്‍ത്തത് 16 റണ്‍സ്. മാറ്റ് ഹെന്റിയാണ് ഹെയ്സല്‍വുഡിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: