വയനാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക്. പ്രതികളായ 18 പേര്‍ക്ക് പുറമെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടെ പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്കാര്‍ക്കും രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.
കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
അതേസമയം ഒളിവില്‍ പോയ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസില്‍ എസ്എഫ്ഐ ജില്ലാ നേതാക്കളുടെ യോഗം ചേര്‍ന്നതിന് ശേഷം.
കോളജ് യൂണിയന് പ്രസിഡന്റ് കെ. അരുണ്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന് എന്നിവരാണ് വ്യാഴാഴ്ച രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥന് കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ മുമ്പില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കോട് കാമ്പസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിയുടെ നേതൃത്വത്തിലെത്തിയവര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഒളിവിലായ എസ്എഫ്ഐ നേതാക്കള്‍ സംഘടനയുടെ സംരക്ഷണത്തിലാണുള്ളതെന്ന് ഇതോടെ വ്യക്തമായി.
കേസിലെ പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് അമീന് അക്ബര്‍ അലിയാണ് (25) കോടതിയില്‍ ഹാജരായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാകാനുള്ളത് ഇനി എഴു പേരാണ്. കേസിലെ 18 പ്രതികളില്‍ ഏഴു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേര് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി.
ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവുമായ പാലക്കാട്, പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖില്‍, കോളജ് യൂണിയന് അംഗം ആസിഫ് ഖാന്, കോളേജ് യൂനിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ. അരുണ്‍, എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ്കുന്ന് അമല്‍ ഇഹ്സാന്‍, തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ്, എസ്.ഡി. ആകാശ്, ആര്.ഡി. ശ്രീഹരി, ഇടുക്കി സ്വദേശി എസ്. അഭിഷേക്, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്സ് ജോഷ്വ എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. റാഗിങ് അടക്കമുള്ള വകുപ്പുകളിലാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്താന്‍ എസ്എഫ്ഐ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇടത് സംഘടനകളും കാമ്പസ് അധികൃതരും ചേര്‍ന്ന് മൂടിവെച്ച വിദ്യാര്‍ത്ഥി വിചാരണയെ കുറിച്ച് എബിവിപി പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് പുറംലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: