എസ്എഫ്ഐയുടെ കൊടുംക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്ഥന്. ദാരുണമരണത്തിലേക്ക് ഈ യുവാവിനെ നയിച്ചത് കണ്ണില്‍ ചോരയില്ലാത്ത കിരാതരുടെ പെരുമാറ്റമാണ്. ഈ മാസം 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥിനു ക്രൂരമര്‍ദനം ഏറ്റതായാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ട്. തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്. കഴുത്തില്‍ കുരുക്കു മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവില്‍ അസ്വാഭാവികതയുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 19ന് സിദ്ധാര്‍ത്ഥിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നുപറഞ്ഞാണ് കള്ളപ്പരാതി.
പരസ്യവിചാരണ നടത്തുകയും വസ്ത്രംനീക്കി മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. മരണം ഇതിനു ശേഷമാണെന്നുള്ള ആരോപണം പൊലീസ് ശരിവയ്ക്കുന്നു. സിദ്ധാര്‍ത്ഥിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകള്‍ ചേര്‍ത്തു നോക്കിയാല്‍ ഇതു കൊലപാതകമാണെന്ന് ഉറപ്പാണ്. തിരുവനന്തപുരം നെടുമങ്ങാട്ടുള്ള അച്ഛനും അമ്മയും മറ്റു ബന്ധുക്കളുമെല്ലാം വിശ്വസിക്കുന്നതിങ്ങനെയാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ നഗ്നനാക്കുകയും ബെല്റ്റ്കൊണ്ടു പലവട്ടം അടിക്കുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടു 12 പേരെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. കോളജ് യൂണിയന് പ്രസിഡന്റ്, യൂണിയന് അംഗം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ളവരാണ് സസ്പെന്‍ഷനിലായത്. ആ ക്യാംപസിലെ എസ്എഫ്ഐയുടെ പ്രവര്‍ത്തനശൈലി സംശയാസ്പദമാണ്. മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ മുദ്രാവാക്യമാക്കിയ ഒരു വിദ്യാര്‍ഥിസംഘടനയുടെ പ്രവര്‍ത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
ഭരണകക്ഷിയുടെ വിദ്യാര്‍ഥിസംഘടനാ നേതാക്കളായതുകൊണ്ട് പ്രതികളെ സംരക്ഷിക്കാന്‍ കോളജ് അധികൃതരും പൊലീസും ഇടപെടല്‍ നടത്തുകയാണ്. ഒളിവില്‍പോയ പ്രതികളെ ഇത്രയും ദിവസം കഴിഞ്ഞിട്ടും പൊലീസ് കണ്ടെത്താത്തത് നിക്ഷിപ്തതാല്പര്യം കൊണ്ടാണെന്നും ആക്ഷേപമുണ്ട്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. സഹപാഠികളില്‍ വലിയൊരു വിഭാഗം സംഭവം മറച്ചുവച്ചു. മറ്റിടങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലരാണ് സംഭവം പുറംലോകത്തോട് വിശദീകരിച്ചത്. അന്വേഷണം നടത്തി കുറ്റവാളികളെ സ്പെന്‍ഡ് ചെയ്തുവെന്നും സിദ്ധാര്‍ത്ഥിനു മര്‍ദനമേറ്റ വിവരം അപ്പോള്‍ ആരും അറിയിച്ചിരുന്നില്ലെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്. അത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇവിടത്തെ ഡീന്‍ നാരായണന് എല്ലാം അറിയാമെന്ന് പറയുന്നു. സിപിഐ യൂണിയനില്‍പ്പെട്ട ഇയാളെ രക്ഷിക്കാനാണ് ശ്രമം. മന്ത്രി ചിഞ്ചുറാണി ഇതിനായി ശ്രമിക്കുന്നു. ആനിരാജ ഈ സംഭവത്തില്‍ സ്വീകരിക്കുന്ന മൗനവും ഇതിന്റെ തെളിവാണ്. റാഗിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ വിദ്യാലയങ്ങളിലും കോളജുകളിലും തെളിയുന്ന അക്രമ, അരാജക പ്രവണതകളില്‍നിന്നു വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കഴിയണം. കൈ അറപ്പുതീര്‍ന്ന സഖാക്കളെ കലാലയങ്ങളില്‍ സംരക്ഷിച്ചുനിര്‍ത്തുന്നത് സിപിഎംകാരുടെ എക്കാലത്തെയും സ്വഭാവമാണ്. സിദ്ധാര്‍ത്ഥിനെ കാപാലികകൂട്ടം കൊന്നതാണ്. അത് സമ്മതിക്കാന്‍ രാഷ്ട്രീയ നേതൃത്വവും പോലീസും തയ്യാറായിട്ടില്ല. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കൊന്നവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍. 302-ാം വകുപ്പ് ചുമത്തിയിട്ടേയില്ല. ഇത്രയും നികൃഷ്ടവും നിന്ദ്യവുമായ കൊലയും ക്രൂരതയും പകല്‍പോലെ വ്യക്തമായിട്ടും ഇത്രയും ദിവസം കഴിഞ്ഞിട്ടും സാംസ്കാരിക നായകന്മാര് മനസ്സ് തുറന്നിട്ടില്ല. ഉത്തരേന്ത്യയിലെവിടെയെങ്കിലും ഒരു വിദ്യാര്‍ഥി മരിച്ചാല്‍ ഇരട്ടതൂവാലയുമായി കണ്ണീരൊപ്പാന്‍ വെമ്പുന്നവരെന്തേ സിദ്ധാര്‍ത്ഥന്റെ കാര്യത്തില്‍ മൗനം എന്ന ചോദ്യം പ്രസക്തമാണ്. ഒന്നുകില്‍ സത്യം അംഗീകരിക്കാനുള്ള മടി. അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത ഭീതി. രണ്ടായാലും സമൂഹത്തിന് ഇത് ആപത്താണ്.
ഇന്നലെ ഗവര്‍ണര്‍ നെടുമങ്ങാട്ട് സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി. അച്ഛനമ്മമാരെ കണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രിയും ആ ഒരു സ്വഭാവം കാണിച്ചില്ല. അനുശോചനം പ്രകടിപ്പിക്കാന്‍ പോലും മനസ്സുണ്ടായില്ല എന്നുകാണുമ്പോള്‍ അക്രമികളുടെ മനസ്സാണ് ഇവര്‍ക്കെല്ലാം എന്നാണ് വ്യക്തമാകുന്നത്. ആപല്‍ക്കരമായ നിലപാടാണിതെന്ന് പറയേണ്ടിയിരിക്കുന്നു. സിദ്ധാര്‍ത്ഥനെ അരുംകൊല ചെയ്തിട്ടും ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നാടിനാകെ അപമാനമാണ്. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയതുപോലെയാണ് നിരവധി കുട്ടികളുടെ മുന്നിലിട്ട് ഈ കൊലയും. മനഃസാക്ഷി മരവിപ്പിക്കുന്ന ഈ കൃത്യം ചെയ്തവരും വിദ്യാര്‍ഥികളാണെന്നതാണ് അപമാനം. എസ്എഫ്ഐക്കാര്‍ക്ക് മാത്രം വശമുള്ള ഈ അപമാനത്തെ മൗനംകൊണ്ട് അംഗീകരിക്കുന്നത് അതിലും വലിയ നീചകൃത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: