Categories: India

“യഥോധര്‍മാസ്ഥതോ ജയ” എന്ന സുപ്രീംകോടതിയുടെ ആപ്തവാക്യം മാറ്റണമെന്ന് മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്; പ്രസ്താവന വിവാദം

"യഥോധര്‍മാസ്ഥതോ ജയ" എന്ന സുപ്രീംകോടതിയുടെ ആപ്തവാക്യം മാറ്റണമെന്ന് മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. മഹാഭാരതത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് "യഥോധര്‍മാസ്ഥതോ ജയ" എന്ന ഈ ആപ്തവാക്യം. ഈ ആപ്തവാക്യം ഭരണഘടനയുടെ സത്തയുമായി ചേര്‍ന്ന് പോകുന്നില്ല എന്നാണ് റിട്ട. ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടത്.

Published by

ന്യൂദല്‍ഹി: “യഥോധര്‍മാസ്ഥതോ ജയ” എന്ന സുപ്രീംകോടതിയുടെ ആപ്തവാക്യം മാറ്റണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മഹാഭാരതത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് “യഥോധര്‍മാസ്ഥതോ ജയ” എന്ന ഈ ആപ്തവാക്യം. ഈ ആപ്തവാക്യം ഭരണഘടനയുടെ സത്തയുമായി ചേര്‍ന്ന് പോകുന്നില്ല എന്നാണ് റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടത്. മോദി വിരുദ്ധ, ബിജെപി വിരുദ്ധ മാസികയായ ദി വൈര്‍ സംഘടിപ്പിച്ച സെമിനാറിലാണ് കുര്യന്‍ ജോസഫ് ഈ വിവാദ പ്രസ്താവന നടത്തിയത്.

“ഭരണഘടനയുടെ സത്ത എന്നത് സത്യം ആണ്. എന്നാല്‍ ധര്‍മ്മം എപ്പോഴും സത്യമാവണമെന്നില്ല. ധര്‍മ്മം അതത് സമയത്തേക്കനുസരിച്ചുള്ള ഒന്നാണ്. അതിനാല്‍ ഈ ആപ്തവാക്യം മാറ്റണം”- ഇതായിരുന്നു റിട്ട.  ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാദം.

എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ട് എന്നാണ് “യഥോധര്‍മാസ്ഥതോ ജയ” എന്ന മഹാഭാരത്തിലെ ഈ ആപ്തവാക്യത്തിന്റെ അര്‍ത്ഥം. സുപ്രീംകോടതിയുടെ ഈ ആപ്തവാക്യത്തിന് ആഴത്തിലുള്ള മാനമുണ്ട്. ഇത് കുര്യന്‍ ജോസഫ് കണക്കിലെടുക്കുന്നില്ല. നിയമത്തെ വ്യാഖ്യാനിക്കുകയും നീതി നിര്‍വ്വഹിക്കുകയും ചെയ്യുക എന്ന അസാധാരണ പങ്കിന്റെ ഉദാഹരണമാണ് സുപ്രീംകോടതിയുടെ ഈ ആപ്തവാക്യം. ഇവിടെ നിയമപരമായ തര്‍ക്കവിതര്‍ക്കങ്ങളുടെ കാതലാണ് ഈ ആപ്തവാക്യത്തിന്റെ സത്ത. പലപ്പോഴും ഒരു കേസിലെ വിധി എന്നത് നിയമപരമായ കൃത്യത മാത്രമല്ല, ധാര്‍മ്മികതയും നൈതികമായ ശരിയും അതില്‍ ഉള്‍പ്പെടുന്നു.

ഭാരതീയ സംസ്കാരത്തില്‍ പലപ്പോഴും സത്യത്തേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ഒന്നായാണ് ധര്‍മ്മം വിവക്ഷിക്കപ്പെടുന്നത് എന്നിരിക്കെ ഈ ശരിയായ ആപ്തവാക്യത്തിനെതിരെ ഇപ്പോള്‍ കുര്യന്‍ ജോസഫ് എന്തിനാണ് വെടിപൊട്ടിച്ചതെന്നാണ് നിയമവിദഗ്ധര്‍ ചോദിക്കുന്നത്. ദി വൈര്‍ എന്ന ബിജെപി വിരുദ്ധ-മോദി വിരുദ്ധ മാസികയെ തൃപ്തിപ്പെടുത്തുകയാണ് കുര്യന്‍ ജോസഫിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

ഹൈന്ദവമായതിനെ എന്തിനെയും എതിര്‍ക്കുക എന്ന ലിബറല്‍-കമ്മ്യൂണിസ്റ്റ് അജണ്ടയാണ് ഈ വിമര്‍ശനത്തിലും ഉയരുന്നത്. പലപ്പോഴും ഭാരതീയ തത്വശാസ്ത്രമനുസരിച്ച് ധര്‍മ്മം പലപ്പോഴും സത്യത്തിനേക്കാള്‍ വലുതും സത്യം പലപ്പോഴും ധര്‍മ്മത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ഒന്നുമാണ്. ഇന്ത്യക്കാര്‍ ധര്‍മ്മത്തെ സനാതനമായാണ് കാണുന്നത്. മാറാത്ത മൂല്യങ്ങളാണ് ശാശ്വതമൂല്യങ്ങള്‍. ആ ശാശ്വതമൂല്യങ്ങളെയാണ് ധര്‍മ്മം എന്ന് വിളിക്കുന്നത് എന്നിരിക്കെ അനവസരത്തില്‍ കുര്യന്‍ ജോസഫ് ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നത് വലിയൊരു അജണ്ടയുടെ ഭാഗമായാണെന്ന് കരുതപ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക