ഗുരുവായൂര്‍ ഉത്സവം കൊടികയറുന്നത് കുംഭ മാസത്തിലെ പൂയം നക്ഷത്രത്തിലാണ് അനിഴം നാളില്‍ പര്യവസാനിക്കുന്നു. ഇവിടെ ഉത്സവത്തിന് വെടിക്കെട്ട് നടത്താറില്ല ഉണ്ണികൃഷ്ണ സങ്കല്പത്തില് ആരാധിക്കുന്നതിനാല്‍ വെടിക്കെട്ടിന്റെ ഭീകര ശബ്ദം ഒഴിവാക്കിയതാണ്. ഉത്സവത്തിന്റെ ആറാം ദിവസമായ തിങ്കളാഴ്ച മുതല്‍ ഗുരുവായൂരപ്പന് വിശേഷ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളിക്കുക സ്വര്‍ണ്ണക്കോലമാണ്. ഉത്സവം കഴിയുന്നതു വരെ പകല്‍ കാഴ്ച ശീവേലിക്കും പള്ളിവേട്ട ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനുമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. ആചാര്യവരണത്തോടെ ഉത്സവം താന്ത്രികവിധികളനുസരിച്ച് വിധിയാംവണ്ണം നിര്‍വ്വഹിക്കേണ്ട ചുമതല തന്ത്രി ഏറ്റെടുക്കുന്നു. കൊടികയറി ഇറങ്ങുന്നതുവരെയുള്ള എല്ലാ ചടങ്ങുകളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ. ക്ഷേത്രോത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്ന് രീതികളിലാണ്.
ഉത്സവ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് വിശേഷ നിവേദ്യമാണ് നാളികേരം ഇടിച്ചു പിഴിഞ്ഞപായസം. അത്താഴ പൂജയ്ക്കാണ് ഇത് നിവേദിക്കുക. സ്വര്‍ണകുംഭത്തില്‍ പായസം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും അതോടൊപ്പം അപ്പം, അട, അവില്, പാല്പായസം എന്നിവയുമുണ്ടാകും. ഉച്ചപൂജയ്ക്ക് സ്വര്‍ണ കുടത്തില്‍ പാല്‍പ്പായസം, സ്വര്‍ണ കുടത്തില്‍ ഉറത്തൈര്, കാളന്, എരിശ്ശേരി, പഴപ്രഥമന്‍ തുടങ്ങിയ നിവേദ്യങ്ങളുണ്ടാകും.
അനേകം മറ്റു മതസ്ഥരും ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നു. ഗോപുരത്തിനു വെളിയിലുള്ള ദീപസ്തംഭമൂലത്തില്‍ നിന്നു ഭഗവാന്റെ വിഗ്രഹം വ്യക്തമായി ദര്‍ശിക്കാവുന്നതാണ്. അനേകായിരങ്ങള്‍ ഇവിടെ നിന്ന് ഭഗവാന്റെ ദര്‍ശനപുണ്യം നേടുന്നു. ഉത്സവകാലങ്ങളിലെ പ്രസാദമായി കഞ്ഞിയും മുതിരപ്പുഴുക്കും കഴിക്കാന്‍ അനേകം മറ്റു മതസ്ഥരും മതപണ്ഡിതരും ഭഗവത് സന്നിധിയില്‍ എത്തുന്നു. ഏതൊരു നാസ്തികനും ദീപാരാധനാ സമയത്ത് ആ വിഗ്രഹം ദര്‍ശിച്ചാല്‍ തന്നെത്താന്‍ മറന്ന് കൈകൂപ്പി നാമം ജപിച്ചുപോകും. ഭക്തന്മാരെ തന്നിലേക്കാകര്‍ഷിക്കുക പാപങ്ങള്‍ കര്‍ഷണം ചെയ്യുക എന്നിവയിലാണ് കൃഷ്ണനാമം അന്വര്‍ത്ഥമായി തീരുന്നത്. ദീപാരാധന തൊഴാന്‍ ഭാഗ്യം സിദ്ധിക്കുന്ന ഒരുവന് തന്നിലെ പാപങ്ങളും ദുര്‍വൃഷയവാസനകളും നീണ്ടിപ്പോയതായ അനുഭവമുണ്ടാകു. ദീപാരാധനക്കുശേഷം ഉദ്ദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അത്താഴപൂജ ആരംഭിക്കുകയായി അത്താഴപൂജക്കുള്ള പ്രധാന നിവേദ്യങ്ങള്‍ കാരോലപ്പം, ഇലയട, വെറ്റില, അടയ്ക്ക, എന്നിവയാണ്. പാലട പ്രഥമനും പഞ്ചാരപ്പായസവും മറ്റ് നിവേദ്യങ്ങളും പതിവുണ്ട്. നിവേദ്യം കഴിഞ്ഞതിനു ശേഷം ഉത്സവവിഗ്രഹവുമായി രാത്രിശീവേലിക്ക് പുറപ്പെടുകയായി. അപ്പോള്‍ വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും തെളിഞ്ഞു കത്തും. സാക്ഷാല്‍ ഈശ്വരനായ കൃഷ്ണന് യാതൊരു വസ്തുവിനോടും ആസക്തിയില്ലെങ്കിലും തനിക്കു ചുറ്റുമുള്ള സകലതിനോടും പ്രതിപത്തി പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഗോകുലം വിട്ട് മഥുരയില്‍ വന്നു താമസിക്കുമ്പോഴും തന്റെ മനസ്സ് ഗോപവാടത്തില്‍ തന്നെയാണെന്നും അമ്മയെയും മറ്റുള്ളവരെയും താനെത്ര മാത്രം തീവ്രമായി സ്മരിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന വരികള്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെ നമ്മള് കേട്ടിട്ടുള്ളതാണല്ലോ. അതുപോലെ, തന്നെ വിളിക്കുന്ന പരമഭക്തനെ ഒരു കാലത്തും ഭഗവാന് കൈ വിടില്ലെന്ന് അനുഭവത്തില്‍ നിന്ന് നാമോരോരുത്തരും തിരിച്ചറിയുന്നു.
‘അമ്മയ്ക്കു നല്കുവാന് ചെമ്മുള്ള ചേലകള്‍
നന്ദന്തന് കൈയിലേ നല്കി ചൊന്നാന്‍
നല്‍ച്ചേല നാലുമെന്നമ്മ തന് കൈയ്യിലേ
ഇച്ഛയില്‍ നല്കേണമിന്നുതന്നെ
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ
എന്നെ മറക്കൊല്ലായെന്നിങ്ങനെ
പാല്‍വണ്ണയുണ്ണാഞ്ഞു വേദനയുണ്ടുളളില്‍
പാരമെനിക്കെന്നു ചൊല്ക പിന്നെ….‘
രാജന് തറയില്‍ ഗുരുവായൂര്‍
(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: