Categories: Kerala

എസ്എഫ്‌ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കി; സിദ്ധാര്‍ത്ഥിന്റെ കൊലയാളികള്‍ക്ക് സിപിഎം സംരക്ഷണം; പോലീസ് അന്വേഷണം ഗൗരവമല്ല: കെ.സുരേന്ദ്രന്‍

Published by

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകത്തിന് മുമ്പില്‍ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പോലീസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ എസ്എഫ്‌ഐയ്‌ക്ക് പങ്കില്ലെന്ന മന്ത്രി പി.രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്. കോളേജ് ഡീനും വാര്‍ഡനും ഉള്‍പ്പെട്ട ജീവനക്കാര്‍ പ്രതികളെ സഹായിച്ചിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണ്. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകള്‍ തകര്‍ത്ത് താലിബാന്‍ മോഡലില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ത്ഥിനെ ക്രൂരമായി കൊല ചെയ്തത്.

അവര്‍ക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സിപിഎമ്മിന്റെ ചോരക്കൊതിയന്‍ സമീപനത്തിന് തെളിവാണ്. അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എസ്എഫ്‌ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ്. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഇന്‍തിഫാദ് എന്ന പേര് നല്‍കിയത് ഇതിന് ഉദാഹരണമാണ്.

പശ്ചിമേഷ്യന്‍ ഭീകരവാദ സംഘടനയെ പിന്തുണയ്‌ക്കുന്ന എസ്എഫ്‌ഐ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ ഡിവൈഎഫ്‌ഐ ഫ്‌ലക്‌സ് വെച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്. ഫ്‌ലക്‌സ് എടുത്ത് മാറ്റാന്‍ സിദ്ധാര്‍ത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതിരുന്ന ഡിവൈഎഫ്‌ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാര്‍ത്ഥിനെ വേട്ടയാടുന്ന സമീപനമാണ് സിപിഎം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക