കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി തട്ടിയെടുത്തതിനും പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ് നിലവിലുള്ള രാഷ്‌ട്രീയ സംഘർഷത്തിന് അറുതി വരുത്താൻ സാധ്യതയില്ല. സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപി വിഷയം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
“ പിക്ചർ അഭി ബാക്കി ഹേ (പ്രദർശനം ഇനിയും അവസാനിച്ചിട്ടില്ല),” എന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്. ഇതൊരു അറസ്റ്റല്ലന്നും അത് പരസ്പര ധാരണയുടെ ഫലമാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനുവരി 15 മുതൽ ഒളിവിലായിരുന്ന ഷാജഹാനെ കൊൽക്കത്ത ഹൈക്കോടതി കേന്ദ്ര ഏജൻസികൾക്കും പിടികിട്ടാപ്പുള്ളിയാക്കാമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത്.
ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുന്നു, എന്നാൽ കോടതിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ പ്രവർത്തിച്ചതെന്നും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഹൂഗ്ലി ജില്ലയിലെ അരാംബാഗിൽ നടത്തിയ പൊതുപ്രസംഗം കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഒരു ഷാജഹാനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനിയും നിരവധി ഷാജഹാൻമാർ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാർ പറഞ്ഞു. ഷാജഹാനെതിരെയുള്ള സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾ നാല് വർഷം മുമ്പ് സംസ്ഥാന പോലീസിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അയാളെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയതിനു ശേഷമാണ്. ഇത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി അനധികൃതമായി തട്ടിയെടുക്കുകയും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ തെരുവിലിറങ്ങിയതിന് ശേഷം ഒരു മാസത്തിലേറെയായി ദ്വീപ് ഗ്രാമം പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
തുടർന്ന് 57 ദിവസങ്ങൾക്ക് ശേഷം ഒളിവിൽ പോയിരുന്ന ഷാജഹാനെയും സംഘത്തെയും സന്ദേശ്ഖാലിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മിനാഖാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബമൻപുക്കൂറിലെ വസതിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി കൂട്ടാളികളുടെ കൂട്ടത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
പ്രാദേശിക കോടതിയിൽ നടന്ന ഹ്രസ്വമായ ഹിയറിംഗിന് ശേഷം പത്ത് ദിവസത്തെ പോലീസ് റിമാൻഡ് സ്ഥിരീകരിച്ച് അന്വേഷണത്തിന്റെ നിയന്ത്രണം സിഐഡി ഏറ്റെടുത്തു. തുടർന്ന് ഷെയ്ഖിനെ ചോദ്യം ചെയ്യലിനായി കൊൽക്കത്തയിലെ സംസ്ഥാന പോലീസ് ആസ്ഥാനമായ ഭബാനി ഭവനിലേക്ക് മാറ്റി.
ഐപിസി സെക്ഷൻ 147 (കലാപത്തിന് കുറ്റക്കാരൻ), 148 (മാരകായുധങ്ങളുമായി കലാപം നടത്തിയതിന് കുറ്റക്കാരൻ), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 307 (കൊലപാതകശ്രമം), 333 (ആരെങ്കിലും സ്വമേധയാ ആർക്കും ഗുരുതരമായ പരിക്കേൽപ്പിക്കുന്നവർ), ( 392 ) (കവർച്ച), എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിനെ തുടർന്ന് ടിഎംസി ഷാജഹാനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക