വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേര് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി.
എസ്എഫ്ഐ കോളേജ് യൂണിയന് പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.
മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അമല്‍ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിനെ (21) എസ്എഫ്ഐ ‘ഭീകരര്‍’ പരസ്യവിചാരണ നടത്തി കെട്ടിത്തൂക്കിക്കൊന്നതാണെന്ന സംശയം ബലപ്പെട്ടു. കൊന്നു കെട്ടിത്തൂക്കിയതോ കെട്ടിത്തൂക്കി കൊന്നതോ ആത്മഹത്യയോ എന്നതറിയാന്‍ സൂക്ഷ്മമായ അന്വേഷണം വേണം.
ആത്മഹത്യ, അസ്വാഭാവിക മരണം എന്നീ നിലയിലാണ് പോലീസ് അന്വേഷിക്കുന്നത്. പ്രധാന പ്രതികളില്‍ ചിലരെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമ്മര്‍ദത്തില്‍ പോലീസ് സംരക്ഷിക്കുന്നെന്ന ആരോപണമുണ്ട്. കേസന്വേഷണം ലോക്കല്‍ പോലീസ് നടത്തിയാല്‍ പോരായെന്ന ആവശ്യവും ശക്തം.
ബിവിഎസ്സി ആനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. പ്രണയ ദിനത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയോട് പ്രേമം പ്രകടിപ്പിച്ചെന്ന കാരണത്താലും സീനിയേഴ്സിനൊപ്പം നൃത്തം ചെയ്തതിനും സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ ഒരുകൂട്ടം പേര് പരസ്യവിചാരണ ചെയ്യുകയും നഗ്നനാക്കി മര്‍ദിക്കുകയുമായിരുന്നു. നാലു ദിവസം തുടര്‍ന്ന മര്‍ദനത്തിനൊടുവിലാണ് സിദ്ധാര്‍ഥനെ ഹോസ്റ്റല്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.
മൂന്നു ദിവസം വെള്ളം പോലും നല്‍കാതെ മര്‍ദിച്ചു. കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐയുടെ കസ്റ്റഡിയിലുള്ള മര്‍ദന മുറിയിലും ഹോസ്റ്റല്‍ അങ്കണത്തിലും കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തുമെല്ലാമായി ഫെബ്രുവരി 14 മുതല്‍ മര്‍ദനമായിരുന്നു. നിലത്തിട്ടു നെഞ്ചിലും വയറ്റിലും ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തം. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റെ അടയാളങ്ങളും ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് സിപിഎം ആണെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ്. അതുകൊണ്ടാണ് പ്രതികള്‍ക്ക് ഇങ്ങനെ ഒളിച്ചിരിക്കാന്‍ കഴിയുന്നത്. എനിക്ക് കാണേണ്ടി വന്നത് അവരുടെ വീട്ടിലും കാണേണ്ടി വന്നാല്‍ മാത്രമേ എന്റെ വേദന ഇവര്‍ക്ക് മനസിലാകൂവെന്നും ജയപ്രകാശ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥിന്റെ അച്ഛന്.
കോളജിലെ ആന്റി റാഗിങ് ഗ്രൂപ്പിലെ ഭാരവാഹികളാണ് തന്റെ മകന്റെ മരണത്തിന് കാരണക്കാര്‍. പ്രതികളെ പിടിച്ചാല്‍ അവിടെ മറ്റൊരു പാര്‍ട്ടിയുടെ കൊടി പാറും. അതിനാല്‍ സിപിഎം ഇവരെ സംരക്ഷിക്കുകയാണ്. സിപിഎം ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ അതീവ ദുഃഖമുണ്ട്. നീതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് അവിടെ. പ്രതികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഇത്രയും ദിവസമായിട്ടും അവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എങ്ങനെയാണ് നീതി ലഭിക്കുക. എല്ലാ പ്രതികളെയും പിടിക്കാന്‍ നിയമ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: