കൊല്ലം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 26-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതകാലം മുഴുവന്‍ പൊതുജന സേവനത്തിനു വേണ്ടി വിനിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുന്‍പൊരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. സാമ്പത്തിക മിസ്മാനേജ്മെന്റും ധൂര്‍ത്തും സംസ്ഥാന ഖജാനാവിനെ കാലിയാക്കി. കഴിവില്ലായ്മ മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുകയാണ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍.
രാജ്യത്ത് ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് 15-ാം ധനകാര്യകമ്മിഷന് കണ്ടെത്തിയിരുന്നു. എന്നിട്ടും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കടമെടുക്കുന്നത് പെന്‍ഷന്‍കാര്‍ക്കു നല്കാനോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയല്ല, പകരം ധൂര്‍ത്ത് നടത്താനാണ്.
തനതു വരുമാനം കൂട്ടുകയും ധൂര്‍ത്ത് നിയന്ത്രിക്കുകയും ചെയ്താല്‍ മാത്രമെ കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, തനതു വരുമാനം കൂട്ടുന്നതില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെന്ഷന് മുടങ്ങിയത് കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണെന്ന് പറയുന്ന മുഖ്യമന്ത്രി, പെന്‍ഷനു ലഭിക്കുന്ന കേന്ദ്രവിഹിതം കുറവാണെന്നും പറയുന്നു. കേരളത്തില്‍ വന്‍തോതിലാണ് നികുതി പിരിക്കാനുള്ളത്. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി. രാജീവന് മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ രാജ്യത്തെ ഉയര്ത്തിക്കൊണ്ടുവരേണ്ടതില് പെന്‍ഷന്‍കാരും പങ്കാളികളാകണം. നാടിന്റെ തനിമയെ നെഞ്ചേറ്റിക്കൊണ്ട് ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കണം. നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രോജ്വലിപ്പിച്ച് ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന പ്രക്രീയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് മേജര്‍ ജനറല്‍ (റിട്ട.) ഡോ. സി.എസ്. നായര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗോപിനാഥ് പാമ്പട്ടയില്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന വനിതാസമ്മേളനം ബിഎംഎസ് ദേശീയസമിതിയംഗം അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. കേരളം ക്രിമിനല്‍വത്കരണത്തിന്റെ നാടായി മാറിയിരിക്കുന്നു. ക്രിമിനലുകളെ ഹീറോകളാക്കുന്ന അപകടകരമായ പ്രവണത വര്‍ധിച്ചുവരുന്നു. ഏതു കുറ്റകൃത്യത്തെയും ന്യായീകരിക്കുന്ന രീതിയിലേക്ക് ഭരണകൂടം മാറി. കുടുംബബന്ധങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തെ സമൂഹം ജാഗ്രതയോടെ കാണണമെന്നും അവര്‍ പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി പി.ബി. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് ബി. സരളാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ. ആശാലത എന്നിവര്‍ സംസാരിച്ചു. സമാപനസഭ പെന്‍ഷനേഴ്സ് സംഘ് പുതിയ സംസ്ഥാന പ്രസിഡന്റ് പി. ബാലന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: