തൊടുപുഴ: രാജ്യത്ത് ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഉത്തരഭാരതത്തില്‍ ചിലയിടങ്ങളില്‍ മഴ മുന്നറിയിപ്പുള്ളപ്പോഴാണ് സംസ്ഥാനത്ത് താപനിലയുടെ മഞ്ഞ അലര്‍ട്ട്.
കേരളത്തെക്കാള്‍ ചൂട് കൂടിയ തമിഴ്‌നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല. ഇത് കൂടി വിലയിരുത്തുമ്പോള്‍ സംസ്ഥാനം തീച്ചൂളയിലാണെന്നതാണ് സത്യം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന മുന്നറിയിപ്പ് തുടരുകയാണ്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന് ഇന്ന് മുതല്‍ മെയ് 31 വരെയാണ് വേനല്‍ക്കാലം. എന്നാല്‍ സംസ്ഥാനത്ത് കാലങ്ങളായി ഫെബ്രുവരി മുതല്‍ വേനല്‍ക്കാലമായാണ് അനൗദ്യോഗികമായി കണക്കാക്കുന്നത്. എല്‍നിനോ തുടരുന്നതിനാല്‍ ഈ സീസണില്‍ കാലവര്‍ഷം മുതല്‍ എല്ലാ സീസണുകളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഭാവിയില്‍ കാലവര്‍ഷം, തുലാവര്‍ഷം, ശൈത്യകാലം, വേനല്‍ക്കാലം തുടങ്ങി മാറിവരുന്ന കാലാവസ്ഥാ കലണ്ടറില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തേണ്ടി വരുമെന്നും, കാര്‍ഷികവൃത്തി തന്നെ തകരാന്‍ ഇത് ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു.
2018 മുതല്‍ ഈ മാറ്റങ്ങള്‍ വലിയ തോതില്‍ പ്രകടമാണ്. ഇടയ്‌ക്ക് താളം തെറ്റി കനത്ത മഴ എത്തുന്നു, പിന്നീട് മഴ ഗണ്യമായി കുറയുന്നു. ഇതിനൊപ്പം ശൈത്യകാലത്ത് ശക്തമായ മഴ, തണുപ്പ് വലിയ തോതില്‍ കൂടുന്നു. ശൈത്യകാലത്ത് തണുപ്പ് പേരിന് മാത്രമാകുന്നു. ഇതിനൊപ്പമാണ് താപനിലയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍. ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറുകയാണെന്നും അത് കേരളത്തില്‍ വലിയ തോതില്‍ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യന്‍ ഭൂമധ്യരേഖയിലേക്ക് എത്തുന്നതിനാല്‍ ഈ മാസം ഓറഞ്ച് അലര്‍ട്ടിനും ഉഷ്ണതരംഗത്തിനും സാധ്യതകള്‍ ഏറെയാണ്. വേനല്‍മഴ കൂടി ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ വലിയ ദുരിതത്തിലാകും. ഇത് കുടിവെള്ള ക്ഷാമത്തിനൊപ്പം കൃഷിനാശത്തിനും ഇടയാക്കും. ഇത്തരത്തിലുള്ള അപൂര്‍വ സാഹചര്യങ്ങള്‍ വലിയ ചര്‍ച്ചയാകുമ്പോഴും ഇത് തടയാനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ യാതൊന്നും നടക്കുന്നില്ലെന്നും ഡോ. ഗോപകുമാര്‍ കുറ്റപ്പെടുത്തി.
വര്‍ധിച്ച് വരുന്ന നഗരവത്കരണം, വനനശീകരണം, വന്‍തോതിലുള്ള മരം മുറി, വയല്‍ നികത്തല്‍, തണ്ണീര്‍ത്തടങ്ങളുടെ നാശം, അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാണ് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്. ഒരോ ഗ്രാമങ്ങളും ടൗണായി മാറിയ സമീപത്തെ വലിയ നഗരത്തോട് ചേരുന്ന കാഴ്ചയാണുള്ളത്. ഇത് പകല്‍ താപനില സംഭരിച്ച് വയ്‌ക്കുന്നതിനും രാത്രിയില്‍ പുറത്തുവിട്ട് ഉഷ്ണം കൂട്ടുന്നതിനും കാരണമാകും. സംസ്ഥാനത്തെ ജനങ്ങള്‍ മാറുന്ന കാലാവസ്ഥയ്‌ക്കൊപ്പം ജീവിതരീതികള്‍ മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക