ആലപ്പുഴ: കുട്ടനാട്ടിലെ നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകര യിലും പരിസരത്തുമുള്ള കര്‍ഷക തൊഴിലാളി കുടുംബങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും കുടുംബത്തിന്റെയും വക സ്വീകരണം. രുചി കാറ്ററിങ് യൂണിറ്റിന് നേതൃത്വം നല്കുന്ന ഷീലാ ദേവരാജിനെയും 35 അംഗ വനിതാ കാറ്ററിങ് ടീമിനെയുമാണ് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത്. ഗവര്‍ണര്‍ അതിഥികള്‍ക്ക് നേരിട്ട് ഉച്ചഭക്ഷണം വിളമ്പി നല്‍കുകയും ഭാര്യാസമേതം എല്ലാവരോടുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
കൊവിഡിന് ശേഷം എല്ലാവരും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്താണ് സ്ത്രീകള്‍ ഷീലയുടെ നേതൃത്വത്തില്‍ കാറ്ററിങ് യൂണിറ്റ് ആരംഭിച്ചത്. താന്‍ ആരംഭിച്ച രുചി കാറ്ററിങ് എന്ന പ്രസ്ഥാനത്തില്‍ നിന്ന് ഒരു രൂപ പോലും ഷീലാ ദേവരാജ് ഇന്നേവരെ വരുമാനമായി എടുത്തിട്ടില്ല എന്നതാണ് വലിയ പ്രത്യേകത. ഇതില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും ഇതിലെ അംഗങ്ങള്‍ക്ക് തന്നെ നല്‍കുകയാണ്.
വീട്ടമ്മയായ ഷീല ദേവരാജ് ഒരു സംരംഭം ആരംഭിക്കുകയും പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം കാണിച്ചു കൊടുക്കാനും ആത്മാഭിമാനത്തോടുകൂടി ജീവിതത്തില്‍ മുന്നോട്ടു പോകാനും വഴിതെളിച്ചതറിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇവരെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷീലാ ദേവരാജിനെ പോലെയുള്ള സ്ത്രീകള്‍ സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടുവരുന്നത് നാടിന്റെ പുരോഗതിയില്‍ വളരെ വലിയ പങ്കു വഹിക്കുമെന്നും ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി താന്‍ കരുതുന്നതായും സംഘത്തെ അനുമോദിച്ചു നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: