കല്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ നേതാവ് പൊലീസില്‍ കീഴടങ്ങി. കോളേജ് യൂണിയന് ചെയര്മാന് അരുണ്‍ ആണ് കീഴടങ്ങിയത്. ഇയാള്‍ മാനന്തവാടി സ്വദേശിയാണ്. കല്പറ്റയില് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പൊലീസ് അരുണിനെ ചോദ്യം ചെയ്യുകയാണ്. നാളെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ എട്ട് പ്രതികള്‍ പിടിയിലായി. പ്രതിപട്ടികയില്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും കീഴടങ്ങിയതായി സൂചന.
അതേസമയം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് സിപിഎം ആണെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ്. അതുകൊണ്ടാണ് പ്രതികള്‍ക്ക് ഇങ്ങനെ ഒളിച്ചിരിക്കാന്‍ കഴിയുന്നത്. എനിക്ക് കാണേണ്ടി വന്നത് അവരുടെ വീട്ടിലും കാണേണ്ടി വന്നാല്‍ മാത്രമേ എന്റെ വേദന ഇവര്‍ക്ക് മനസിലാകൂവെന്നും ജയപ്രകാശ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥിന്റെ അച്ഛന്.
കോളജിലെ ആന്റി റാഗിങ് ഗ്രൂപ്പിലെ ഭാരവാഹികളാണ് തന്റെ മകന്റെ മരണത്തിന് കാരണക്കാര്‍. പ്രതികളെ പിടിച്ചാല്‍ അവിടെ മറ്റൊരു പാര്‍ട്ടിയുടെ കൊടി പാറും. അതിനാല്‍ സിപിഎം ഇവരെ സംരക്ഷിക്കുകയാണ്. സിപിഎം ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ അതീവ ദുഃഖമുണ്ട്. നീതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് അവിടെ. പ്രതികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഇത്രയും ദിവസമായിട്ടും അവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എങ്ങനെയാണ് നീതി ലഭിക്കുക. എല്ലാ പ്രതികളെയും പിടിക്കാന്‍ നിയമ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: