ന്യൂദല്‍ഹി: ഭാരതത്തിന്റെ ആരോഗ്യ രംഗത്തെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ആഗോള ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി വിലയേറിയ സംഭാവനകളാണ് ഭാരതം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ബില്‍ ഗേറ്റസ് ഭാരതത്തെ പ്രശംസിച്ചത്.
ലോകത്തെ പിടിച്ചുലച്ച കൊവിഡ് കാലത്ത് ആഗോള തലത്തില്‍ വാക്സിന് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്സിന്റെ രൂപത്തില്‍ 150ഓളം രാജ്യങ്ങളെയാണ് ഭാരതം രക്ഷിച്ചത്. ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്കുന്ന ആഗോള കണ്ടുപിടുത്തക്കാരായി ഭാരതം മാറി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവന് രക്ഷിക്കാന്‍ രാഷ്ട്രത്തിനായി.
ഉയര്‍ന്ന നിലവാരമുള്ളതും അതേസമയം ചെലവ് കുറഞ്ഞതുമായ വാക്സിനുകള്‍ നല്കുന്നതില് ഭാരതത്തിന്റെ പങ്ക് വാക്കുകള്‍ക്ക് അതീതമാണെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു. ഭാവിയിലും ഭാരതത്തിന്റെ സംഭാവനകള്‍ വര്‍ധിക്കുമെന്നും ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായമേകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ അരിവാള്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഭാരത സര്‍ക്കാരും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും ശ്രമങ്ങള്‍ ആരംഭിച്ചു. അരിവാള്‍ രോഗത്തോട് ആഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ പൊരുതുകയാണ്. ചെലവേറിയ ചികിത്സയാണ് നിലവിലുള്ളത്. അമേരിക്കയ്ക്ക് പോലും അത് താങ്ങാനാവുന്നില്ല. ഈ അവസ്ഥ മറികടക്കാനാണ് ഭാരതം ശ്രമിക്കുന്നതും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഒപ്പം ചേരുന്നതും, അദ്ദേഹം അറിയിച്ചു.
ഇതിന് പുറമേ മാതൃ-ശിശു ആരോഗ്യം, വിളര്‍ച്ച, വാക്സിന് കൊണ്ട് തടയാവുന്ന രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല മേഖലകളിലും സര്‍ക്കാരുമായി ഫൗണ്ടേഷന് കൈകോര്‍ക്കുമെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: