ന്യൂഡൽഹി: ഇന്നലെയാണ് രാജ്യത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് അംഗങ്ങളായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ, ശുഭാൻഷു ശുക്ള എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ വനിതാ ശാസ്ത്രജ്ഞർ നൽകിയ ബൃഹദ് സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.
വനിതാ ശാസ്ത്രജ്ഞരുടെ പ്രയത്നം ഇല്ലായിരുന്നുവെങ്കിൽ ഗഗൻയാൻ-ചന്ദ്രയാൻ പദ്ധതികൾ യാഥാർത്ഥ്യമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളിൽ എന്തുകൊണ്ടാണ് വനിതകൾ ഉൾപ്പെടാഞ്ഞത് എന്ന ചോദ്യം മിക്കവർക്കുമുണ്ടാകാം. ഇതിന്റെ പിന്നിലെ കാരണമെന്തെന്ന് നോക്കാം…
ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്ത രീതി ഇതിന് പ്രധാന കാരണമാണ്. ലോകമെമ്പാടും കന്നി ദൗത്യങ്ങൾക്കായി ബഹിരാകാശ യാത്രികരെ ടെസ്റ്റ് പൈലറ്റുമാരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാജ്യത്ത് വനിതാ പൈലറ്റുമാർ ഉണ്ടായിരുന്നില്ല എന്നതാണ് കന്നി ദൗത്യത്തിൽ വനിതാ ബഹിരാകാശ യാത്രിക ഇല്ലാത്തതിന് കാരണം.
ഉയർന്ന വൈദഗ്ധ്യമുള്ള വൈമാനികരെയാണ് ടെസ്റ്റ് പൈലറ്റുമാരായി തിരഞ്ഞെടുക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ട് നീങ്ങാൻ പരിശീലനം ലഭ്യമായവരായിരിക്കും ഇക്കൂട്ടർ. എന്നാൽ വരും കാലഘട്ടങ്ങളിൽ ഇസ്രോയുടെ പ്രധാന ദൗത്യങ്ങളുടെ ഭാഗമായി വനിതാ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.
ചിട്ടയായ പരിശീലനവും പഠനവുമാണ് ദൗത്യത്തിന് മുന്നോടിയായി ഗഗൻയാൻ സംഘത്തിനുള്ളത്. ആദ്യ ഘട്ടത്തിൽ 13 മാസത്തോളം റഷ്യയിൽ നിന്നും പരീശിലനം നേടി. 2021-ലാണ് പരിശീലനം പൂർത്തിയാക്കി സംഘം ഇന്ത്യയിലെത്തിയത്. തുടർന്ന് വിക്ഷേപണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പരിജ്ഞാനവും ഗഗൻയാൻ സംഘം നേടിക്കഴിഞ്ഞു. ശാരീരിക പരിശീലനവും യോഗയും ഉൾപ്പെടെ ദൗത്യ സംഘം പിന്തുടർന്ന് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: