ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎമ്മുകാരായ പ്രതികളുടെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സമൂഹമനസ്സാക്ഷിയെ വലിയൊരളവ് തൃപ്തിപ്പെടുത്തുന്നതാണ്. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പൈശാചികമായ ഒരു കൊലപാതകം നടത്തിയിട്ട് പണം വാരിയെറിഞ്ഞും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും രക്ഷപ്പെടാമെന്ന പ്രതികളുടെ മോഹമാണ് പൊലിഞ്ഞിരിക്കുന്നത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം തള്ളിയാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ശിക്ഷയാണ് ഇരട്ടജീവപര്യന്തമാക്കിയത്. വിചാരണക്കോടതി വിട്ടയച്ച രണ്ടു പ്രതികള്‍ക്കും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയ ആറ് പേര്‍ക്കും, ഏറ്റവുമൊടുവില്‍ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്കും 2034 ന് മുന്‍പ് ശിക്ഷയില്‍ ഇളവു നേടി കോടതിയെ സമീപിക്കാനാവില്ല എന്ന വ്യവസ്ഥ കനത്ത തിരിച്ചടിയാണ്. വിചാരണക്കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നതിനിടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ പലപ്പോഴും ജയിലിനു പുറത്തായിരുന്നു. ജയിലിനകത്തും ഇവര്‍ സുഖസൗകര്യങ്ങളനുഭവിച്ചു. തങ്ങളെ ആശ്രയിച്ചു കഴിയുന്ന അമ്മയും ഭാര്യയും മക്കളുമൊക്കെയുണ്ടെന്നും, ശിക്ഷയില്‍ ഇളവു നല്‍കണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മനുഷ്യത്വം തൊട്ടു തീണ്ടാത്തവിധം ഒരാളെ കൊലചെയ്തവര്‍ ഇത്തരം പരിഗണനകളൊന്നും അര്‍ഹിക്കുന്നില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിസ്സാരവല്ക്കരിക്കാന് പാടില്ലെന്ന് വിധിന്യായത്തില്‍ ഡിവിഷന് ബെഞ്ച് എടുത്തുപറയുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പെട്ടെന്നുള്ള പ്രകോപനം കൊണ്ട് നടത്തിയതല്ല കൊലപാതകമെന്നും, മൂന്നുവര്‍ഷത്തോളം നീണ്ട ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും, ചന്ദ്രശേഖരന്റെ തലച്ചോര്‍ തെങ്ങിന് പൂക്കുലപോലെ ചിതറിക്കുമെന്ന് പ്രതികള്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി കണക്കിലെടുത്തു. ചന്ദ്രശേഖരന്റ കൊലപാതകം ഹീനമായ കുറ്റകൃത്യമായി കോടതി വിലയിരുത്തി. ജനാധിപത്യ തത്വങ്ങളാല്‍ ഭരിക്കപ്പെടാന്‍ തെരഞ്ഞെടുത്ത ഒരു സമൂഹത്തിനും, ജനങ്ങള്‍ക്കുമെതിരായ കുറ്റകൃത്യമായി രാഷ്ട്രീയ കൊലപാതകങ്ങളെ കാണണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനാല്‍ ജീവപര്യന്തത്തിന്റെ കഠിനമായ വ്യവസ്ഥകള്‍ പ്രതികളുടെ കടുത്ത ശിക്ഷയ്ക്കും ഇരകളുടെ അവകാശത്തിനും ആവശ്യമാണെന്ന് വിധിന്യായത്തില്‍ പറയുന്നു. ജീവപര്യന്തം തടവിന്റെ കര്‍ശനവും സ്ഥിരവുമായ ശിക്ഷ സമൂഹത്തിന് ആത്മവിശ്വാസം പകരുമെന്നും കോടതി വ്യക്തമാക്കിയതില്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ കാഠിന്യം പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ ലളിതമാക്കുന്നതോ പ്രതികളോട് അനാവശ്യമായ ദയ കാണിക്കുന്നതോ അനുവദിക്കാനാവില്ല. വധശിക്ഷ വിധിക്കുന്നതില്‍നിന്ന് ഒഴിവാകുമ്പോള്‍ ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ന്യായവും ഉചിതവുമാണെന്ന് കോടതി വിലയിരുത്തുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയാണ് കോടതി പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ടി.പി. ചന്ദ്രശേഖരനെ അരുംകൊലചെയ്ത സിപിഎമ്മിന്റെ മുഖംമൂടി വലിച്ചുകീറുന്നതാണ് ഹൈക്കോടതി വിധി. സിപിഎമ്മിന്റെ ആവശ്യപ്രകാരം നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടത്തി വളരെക്കാലത്തെ ആസൂത്രണത്തിനുശേഷമാണ് കൊലനടത്തിയത്. പ്രതികള്‍ സിപിഎം നേതാക്കളും അനുഭാവികളുമാണ്. രണ്ട് ജില്ലകളില്‍നിന്നുള്ളവരാണ്. പ്രാദേശികമായ തര്‍ക്കമോ പ്രതികാരമോ അല്ല കൊലപാതകത്തിന് കാരണമെന്ന് ഇത് തെളിയിക്കുന്നു. പ്രതികളെക്കൊണ്ട് കൊലനടത്തിക്കുക മാത്രമല്ല, ജയിലനകത്തും പുറത്തും അവരെ സംരക്ഷിക്കുകയും ചെയ്തത് സിപിഎമ്മാണ്. കേസ് നടത്തിയതും ഇതിനായി പ്രത്യേകം പാര്‍ട്ടി നേതാക്കളെ നിയോഗിച്ചതും സിപിഎമ്മാണ്. എന്നിട്ടും കൊലപാതകവുമായി ബന്ധമില്ലെന്ന് വാദിക്കുകയാണ് സിപിഎം ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇങ്ങനെ ചെയ്യുന്നത്. പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിച്ചുവെങ്കിലും ടിപി വധക്കേസ് യുക്തിസഹമായ പരിസമാപ്തിയില്‍ എത്തിയെന്നു പറയാനാവില്ല. ഗൂഢാലോചനയില്‍ പങ്കെടുത്തവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെ സംഭവിക്കാതിരുന്നതിനു കാരണം കോണ്‍ഗ്രസ്സ് ഭരണകാലത്തെ ഒത്തുകളിയാണ്. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാറി രമേശ് ചെന്നിത്തല വന്നതോടെ ചില അട്ടിമറികള്‍ നടന്നതായാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ കാരണഭൂതനെക്കുറിച്ചും മറ്റും ചെന്നിത്തല വാചകമടിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കൊന്നവര്‍ക്കൊപ്പം കൊല്ലിച്ചവരും ശിക്ഷിക്കപ്പെടുന്നതുവരെ നീതി നടപ്പായെന്നു കരുതാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: