തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് ആക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സംസ്ഥാനം. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാടെന്നു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുമെന്നാണ് മന്ത്രിയുടെ ന്യായീകരണം.
ദേശീയ വിദ്യാഭ്യാസ നയത്തിലെ(2020) നിര്‍ദേശമനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയത്തിലടക്കം ഒന്നാംക്ലാസ് പ്രവേശനം ആറുവയസിലാണ്. ഇതു നടപ്പാക്കണമെന്ന് 2021, 2023 വര്‍ഷങ്ങളില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ നയം ഓര്‍മിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ അവസ്തി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. 14 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പ്രായപരിധി ആറുവയസ്സാക്കി ഉയര്‍ത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വരും അധ്യയന വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ വരുന്നതോടെ ഒരേ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത ക്ലാസുകളില്‍ പഠിക്കേണ്ടിവരും. മാത്രമല്ല പരീക്ഷകളില്‍ മുതിര്‍ന്ന കുട്ടികള്‍ വയസ് കുറവുള്ള കുട്ടികളെക്കാള്‍ കൂടുതല്‍ വിജയം നേടുന്നതിന് കാരണമാകും. ഇത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമെന്ന് വിദ്യാഭ്യാസ വിദഗ്‌ദ്ധര്‍ പറയുന്നു. മാത്രമല്ല പത്താംക്ലാസ് കഴിഞ്ഞാല്‍ ദേശീയ തലത്തിലുള്ള സിലബസ്സാണ് സംസ്ഥാനത്തും ഉപയോഗിക്കുന്നത്. ഇതോടെ ദേശീയ മത്സര പരീക്ഷകളില്‍ അടക്കം കേരളം പിന്നോട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: