Categories: Kerala

യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും

Published by

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്ന് സീറ്റുകൾ വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. ലീഗിന്റെ ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ചതായും വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകും, അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുലയെന്നും സതീശൻ വ്യക്തമാക്കി.

ജൂലൈയിൽ ഒഴിവുവരുന്ന സീറ്റ് ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് രണ്ട് സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കിയത്. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടാനുള്ള ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. ഓരോ സീറ്റ് വീതം ആർ എസ് പിക്കും കേരള കോണ്‍ഗ്രസിനും നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലീഗ് മത്സരിക്കുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യമെന്നും വി ഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് സീറ്റ് ചർച്ചകൾ ഉടൻ തീരുമെന്നും നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാർച്ച് ആദ്യ ആഴ്ച കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by