ഇന്ത്യൻ ആർമിയിൽ അഗ്‌നിവീറാകാൻ വനിതകൾക്കിതാ സുവർണ്ണാവസരം. വിമെൻ മിലിറ്ററി പോലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഓൺലൈൻ മുഖേനയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും ഇതിന് ശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തിയാകും തിരഞ്ഞെടുപ്പ്. ഏപ്രിൽ 22 മുതൽ ഓൺലൈൻ പരീക്ഷ ആരംഭിക്കും.
പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കും ആകെ 45 ശതമാനം മാർക്കും കരസ്ഥമാക്കിയവർക്കാകും അപേക്ഷിക്കാനാകുക. ഗ്രേഡിംഗ് സിസ്റ്റത്തിൽ പഠിച്ചവർ ഇതിന് തത്തുല്യ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ അവിവാഹിതരായിരിക്കണം. കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അപേക്ഷിക്കാവുന്നതാണ്.
17-നും 21-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. 162 സെന്റീമീറ്റർ ഉയരമാണ് ശാരീരിക യോഗ്യത. നെഞ്ച് അഞ്ച് സെന്റീമീറ്ററെങ്കിലും വികസിപ്പിക്കാൻ സാധിക്കണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷം സർവീസാണ് ഉണ്ടാകുക. സർവീസ് കാലത്ത് വിവാഹിതയാകാൻ പാടില്ല. ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയുമാണ് പ്രതിമാസം ലഭ്യമാകുക.
250 രൂപയാണ് പരീക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടചത്. ബെംഗളൂരുവിലെ സോണൽ ഓഫീസിന് കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകർ ഉൾപ്പെടുന്നത്. മാർച്ച് 22-ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: