റിയാദ്: സൗദിയില്‍ തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്ത ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അഹമ്മദ് ബിന്‍ സൗദ് ബിന്‍ സഗീര്‍ അല്‍ ഷമ്മരി, സഈദ് ബിന്‍ അലി ബിന്‍ സഈദ് അല്വദായി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ് ബിന്‍ അബ്ദുല്ല അല്‍ ഷഹ്റാനി, അവാദ് ബിന്‍ മുഷബാബ് ബിന്‍ സഈദ് അല്‍ അസ്മരി, അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ മജൂല്‍ അല്‍ സഈദി, മുഹമ്മദ് ബിന്‍ ഹദ്ദാദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ്, അബ്ദുല്ല ബിന്‍ ഹാജസ് ബിന്‍ ഗാസി അല്‍ ഷമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികള്‍ തീവ്രവാദ സംഘങ്ങള്‍ രൂപീകരിക്കുകയും ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും രാജ്യത്തിന്റെ സ്ഥിരതയേയും സുരക്ഷയേും അപകടപ്പെടുത്തുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്തു. സമൂഹത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരതയും തകര്‍ക്കുകയും ദേശീയ ഐക്യം അപകടപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രക്തച്ചൊരിച്ചിലിന് ശ്രമിക്കുകയും തീവ്രവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തുവെന്നും തെളിഞ്ഞു.
ഒരോരുത്തരുടെയും മേല്‍ ആരോപിച്ച കുറ്റങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷിച്ച് തെളിവുകള്‍ സഹിതം പ്രത്യേക ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു. ചുമത്തിയ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചു. ചൊവ്വാഴ്ച റിയാദ് പ്രവിശ്യയിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: