മുംബൈ: ക്രിക്കറ്റിലെ അത്യുപൂര്‍വ്വ നേട്ടവുമായി മുംബൈ ബാറ്റിങ് ജോഡികള്‍. പത്തും പതിനൊന്നും നമ്പറുകളിലിറങ്ങി സെഞ്ചുറി നേടുകയെന്ന നേട്ടം കൈവരിച്ചത് രഞ്ജി ട്രോഫി സെമിയില്‍ മുംബൈ ബാറ്റര്‍മാരായ തനുഷ് കോട്ടിയാനും തുഷാര്‍ ദേശ്പാണ്ഡെയും. ആഭ്യന്തര ക്രിക്കറ്റില്‍ രണ്ടാം തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ആദ്യ സംഭവം 78 വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ടീമിനെതിരെ. അന്നും നേട്ടം കൊയ്തത് ഭാരത ബാറ്റര്‍മാരാണ്.
രഞ്ജി ട്രോഫി സെമി മത്സരങ്ങളുടെ അവസാന ദിവസമായിരുന്നു ഇന്നലെ. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈ സെമിബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. മുംബൈ രണ്ടാം ഇന്നിങ്സില്‍ 337 റണ്‍സിലെത്തിയപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടു. ഈ സമയം അവസാന വിക്കറ്റില്‍ ഒരുമിച്ച കോട്ടിയാനും ദേശ്പാണ്ഡെയും ചേര്‍ന്ന് 40 ഓവറുകളില്‍ നേടിയത് 232 റണ്‍സ്. ലോക ആഭ്യന്തര ക്രിക്കറ്റിലെ ആറാമത്തെ അവസാനവിക്കറ്റ് കൂട്ടുകെട്ട്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ മൂന്നാമത്തെയും.
തനുഷ് കോട്ടിയാന് 120 റണ്‍സെടുത്തു പുറത്താകാതെ നിന്നപ്പോള്‍ തുഷാര്‍ 123 റണ്‍സ് നേടി. ഇരുവരും നേരിട്ടത് 129 വീതം പന്തുകള്‍. പത്ത് ബൗണ്ടറികള്‍ വീതം രണ്ട് പേരും അടിച്ചുകൂട്ടി. കോട്ടിയാന് നാല് സിക്സറുകളടിച്ചപ്പോള്‍ തുഷാര്‍ എട്ട് സിക്സറുകള്‍ പായിച്ചു.
ലോക ആഭ്യന്തര ക്രിക്കറ്റില്‍ ഇത് രണ്ടാമത്തെ മാത്രം സംഭവം. ഇതിന് മുമ്പ് ഇത്തരത്തിലൊന്ന് അരങ്ങേറിയത് 1946ല്‍ ഇംഗ്ലണ്ടിലെ ദി ഓവല്‍ മൈതാനത്താണ്. ഇംഗ്ലീഷ് ടീം സുറേയ്ക്കെതിരെ ഭാരത ആഭ്യന്തര ടീം ബാറ്റിങ് ജോഡികളായ ചന്തു സര്‍വാത്തെ-ഷൂട്ടെ ബാനര്‍ജി സഖ്യം നേടിയത് 249 റണ്‍സ്. 205 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ ഒന്നിച്ച ഇരുവരും ചേര്ന്നെത്തിച്ചത് 454 റണ്‍സില്‍. അന്ന് ചന്തു സര്‍വാത്തെ 124 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷൂട്ടെ ബാനര്‍ജി 121 റണ്‍സെടുത്തു. ഇവര്‍ രണ്ട് പേരും ചേര്‍ന്നെടുത്ത 249 റണ്‍സാണ് ഭാരത ആഭ്യന്തര ബാറ്റര്‍മാരുടെ ഏറ്റവും മികച്ച പത്താം വിക്കറ്റ് കൂട്ടുകെട്ട്. അതിന് ശേഷം 1991-92 സീസണില്‍ ദല്‍ഹിക്കുവേണ്ടി മുംബൈയ്ക്കെതിരെ അജയ് ശര്‍മയും മനീന്ദര്‍ സിങ്ങും ചേര്‍ന്ന് നേടിയ 233 റണ്‍സാണ് രണ്ടാമത്തെ മികച്ച പത്താം വിക്കറ്റ് കൂട്ടുകെട്ട്.
ഇന്നലത്തെ ഇന്നിങ്സില്‍ സുന്ദര്‍ ദേശ്പാണ്ഡെ നേടിയ 123 റണ്‍സ് 11-ാം നമ്പറിലിറങ്ങുന്ന ഭാരത ബാറ്ററുടെ ഏറ്റവും മികച്ച സ്കോര്‍ ആണ്. ലോകക്രിക്കറ്റില്‍ നാലാമത്തെ ഉയര്‍ന്ന സ്കോറും. കോട്ടിയന്‍ നേടിയ 120 റണ്‍സ് പത്താം നമ്പറിലിറങ്ങുന്ന മികച്ച അഞ്ചാമത്തെ ഭാരതീയന്റെ സ്കോര്‍ ആണ്. ആഗോള തലത്തില്‍ 14-ാമത്തെ ഉയര്‍ന്ന സ്കോറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: