ന്യൂദല്‍ഹി: മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഹോക്കി ഇന്ത്യ(എച്ച്ഐ) സിഇഓ എലേന നോര്മാന് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചു. കഴിഞ്ഞ 13 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് ഓസ്ട്രേലിയക്കാരിയായി എലേന സിഇഓ പദവിയില്‍ നിന്നും ഒഴിഞ്ഞത്. കുറച്ചുകാലമായി ഹോക്കി ഇന്ത്യ നേതൃത്വവുമായി വലിയ സ്വരചേര്ച്ചയിലായിരുന്നുല്ല അവര്‍.
ഭാരതത്തിലെ കായിക സംഘടനകളില്‍ സിഇഓ ആയി നിയമിക്കപ്പെട്ട ആദ്യ വ്യക്തിയാണ് എലേന. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്(എഫ്ഐഎച്ച്) പ്രസിഡന്റ് പദവി വരെയെത്തിയ നരീന്ദ്ര ബത്രയുടെ അടുത്ത വിശ്വസ്തയായിരുന്നു. ബത്ര ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന കാലം തൊട്ടേ അവര്‍ക്ക് ഹോക്കി സംഘടനയുടെ ഭരണതലത്തില്‍ വലിയ സ്വാധീനമാണുണ്ടായിരുന്നത്. ഭാരത ഹോക്കിയെ പുനരുജ്ജീവിപ്പിക്കുകയും വനിതാ ഹോക്കിയുടെ നിലവാരം ഉയര്‍ത്തുന്നതുമടക്കം പല പുരോഗമനങ്ങളും കൊണ്ടുവന്നെങ്കിലും ആരെയും കൂസാത്ത പ്രകൃതം എലേനയ്ക്ക് കുറേ അനിഷ്ടക്കാരെ ഉണ്ടാക്കി. എഫ്ഐച്ച് പ്രസിഡന്റും പിന്നീട് ഐഓഎ പ്രസിഡന്റും ഒക്കെയായി മാറിയ ബത്രയുടെ കാലത്തിന് ശേഷം എലേന പ്രതിരോധത്തിലായി. ഫെഡറേഷന് തലപ്പത്ത് ഇപ്പോഴിരിക്കുന്നവരും എലേനയും തമ്മില്‍ ഏറെ കാലമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാജി തീരുമാനം അംഗീകരിക്കുന്നതായി നിലവിലെ ഹോക്കി ഇന്ത്യ അധ്യക്ഷന്‍ ദിലീപ് ടിര്‍ക്കി പറഞ്ഞു.
വനിതാ ഹോക്കിയെ വലിയ പ്രചാരത്തിലേക്ക് കൊണ്ടുവരാന്‍ ഉപകരിച്ചത് എലേനയുടെ പ്രവര്‍ത്തനങ്ങളാണെന്നും ഭാരതത്തിലെ ഹോക്കി പരിശീലകര്‍ ആഗോള നിലവാരം പുലര്ത്തുന്നവരായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു അവരെന്നും ഹോക്കി ഇന്ത്യ അധ്യക്ഷന്‍ അറിയിച്ചു. എലേനയുടെ രാജി തീരുമാനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ കുറിപ്പിലാണ് ഹോക്കി ഇന്ത്യ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: