അയോദ്ധ്യ: വ്യക്തി താല്പര്യങ്ങളും ജാതി, ഭാഷാ, പ്രാദേശിക പക്ഷപാതങ്ങളും ഉപേക്ഷിച്ച് ദേയഹിതത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രബന്ധ സമിതി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ജനാധിപത്യം എന്നത് നമ്മുടെ രാഷ്ട്രധര്‍മ്മമാണ്. വോട്ട് അവകാശവും കടമയുമാണ്. നൂറ് ശതമാനം ആളുകളും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്, പ്രമേയം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. സുരക്ഷിതവും സമൃദ്ധവും ശക്തവുമായ ഭാരതത്തെ വരും തലമുറകള്‍ക്ക് കൈമാറുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. സംസ്കാരത്തെയും ജീവിത മൂല്യങ്ങളെയും ആദരിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണെന്നും അത് മനസിലാക്കി വോട്ട് ചെയ്യണമെന്നും ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യം വോട്ട് എന്ന് നിശ്ചയിക്കണം. എല്ലാവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം, പ്രമേയത്തില്‍ പറയുന്നു.
ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ രാമരാജ്യത്തിലേക്കുള്ള ചുവടുവയ്പാണെന്ന് കാമേശ്വര് ചൗപാല്‍ അവതരിപ്പിച്ച മറ്റൊരു പ്രമേയം പ്രഖ്യാപിച്ചു. 2024 ജനുവരി 22 ലോക ചരിത്രത്തിലെ സുവര്‍ണ തീയതിയാണ്. 496 വര്‍ഷത്തെ പോരാട്ടത്തിന്റെ മഹത്തായ, വിജയമാണത്. ശ്രീരാമനൊപ്പം രാഷ്ട്രത്തിന്റെ മൂല്യങ്ങളും പുനഃപ്രതിഷ്ഠിക്കപ്പെട്ടു.
ഭിന്നതയുടെ എല്ലാ സ്വരങ്ങളും ഇല്ലാതായി. രാമനാണ് രാഷ്ട്രമെന്ന് ലോകം തിരിച്ചറിഞ്ഞു. ഒരു പുതിയ ഭാവി സൃഷ്ടിക്കപ്പെടുന്നുവെന്ന് അവര്‍ക്ക് തോന്നി. രാമജന്മഭൂമി വിമോചനത്തിനായി ജീവന് ബലിയര്‍പ്പിച്ച എല്ലാ മഹത്തുക്കള്‍ക്കും വിശ്വഹിന്ദു പരിഷത്ത് പ്രണാമമര്‍പ്പിക്കുന്നു. അവരില്ലാതെ ഈ പുണ്യദിനം സാധ്യമാകുമായിരുന്നില്ല.
സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷത്തിന് ശേഷം കൈവന്ന ഈ സമ്പൂര്‍ണ വിജയത്തില്‍ ഭാരത സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കാര്യക്ഷമതയും അര്‍പ്പണബോധവും പ്രശംസനീയമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
2024 ജനുവരി 22ന് ശേഷം ഒരു പുതിയ യുഗം ആരംഭിച്ചു. രാമക്ഷേത്രത്തില്‍ നിന്നാണ് രാമരാജ്യത്തിലേക്കുള്ള യാത്രയാണ് ആരംഭിച്ചിരിക്കുന്നത്. ഈ പുതിയ യുഗം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുസമൂഹം ഏറ്റെടുക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: