തൃശ്ശൂര്‍: വ്യവസായസംരംഭം തുടങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുന്ന കഥ കേരളം തുടരുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി മൃഗങ്ങള്‍ക്കായി സഞ്ചരിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ച് ശ്രദ്ധനേടിയ യുവതിയാണ് ചുവപ്പുനാടയിലെ ഒടുവിലത്തെ ഇര.
ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനമാണ് ഇടയില്‍ വെച്ച് ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചത്. ഇതോടെ മനസ്സ് മടുത്ത് പ്രിയ പ്രകാശന് ഒമാനിലേക്ക് പോയി. വായ്പ തിരിച്ചടയ്ക്കാനുള്ള പണം കണ്ടെത്താനാണ് ഈ യാത്ര.
പ്രിയ പ്രകാശന്റെ ഈ സഞ്ചരിക്കുന്ന മൃഗാശുപത്രി കണ്ട് ഇന്ത്യയിലെ തന്നെ മികച്ച സംരംഭകയായി ഈ മിടുക്കിയെ തെരഞ്ഞെടുത്തിരുന്നു. സമ്മാനമായി രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപയും കിട്ടി. എന്നിട്ടും പ്രയോജനമില്ല. ബിസിനസ് മുന്നോട്ടോടിക്കാന്‍ കൂടുതല്‍ ധനസഹായം വേണം. ആ അപേക്ഷയാണ് ചുവപ്പുനാടയില്‍ കുരുങ്ങി ഇടിച്ചുനിന്നത്.
നാട്ടില്‍ തുടങ്ങിയ മികച്ച സംരംഭം നിലച്ചതോടെ ജോലി തേടി ഒമാനില്‍ എത്തിയ പ്രിയ പ്രകാശന് കഷ്ടപ്പാടുകളാണ് അവിടെ കാത്തിരിക്കുന്നത്. ജോലി കിട്ടിയിട്ടില്ല. ദിവസേന മൂന്നും നാലും അഭിമുഖങ്ങള്‍ക്ക് പോയും കുറഞ്ഞത് പത്ത് അപേക്ഷകളെങ്കിലും അയച്ചും കാത്തിരിക്കുകാണ്. നല്ലൊരു ജോലി കിട്ടിയെങ്കിലേ നാട്ടിലെ സംരംഭത്തിന് വേണ്ടി വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയൂ.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് സഞ്ചരിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സജ്ജമാക്കിയത്. വെറ്ററിനറി നഴ്സിങ്ങിനു പുറമേ ഊട്ടിയിലെ വേള്‍ഡ് വൈഡ് വെറ്ററിനറി സെന്ററില്‍നിന്ന് ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് മാനേജ്മെന്റ് കോഴ്സും പാസായിട്ടുണ്ട് പ്രിയ. അതുകൊണ്ട് നായ്ക്കളെ വന്ധ്യംകരിക്കുന്ന ജോലി പ്രിയയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയ്ക്ക് ലഭിച്ചിരുന്നു. ഏകദേശം 3894 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. അതിനിടെയാണ് പ്രിയയ്ക്ക് തിരിച്ചടിയാവുന്ന ഒരു കോടതി വിധി വന്നത്. നായ്ക്കളുടെ വന്ധ്യംകരണം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച ഏജന്‍സിക്ക് മാത്രമേ ചെയ്യാന്‍ അധികാരമുള്ളൂ എന്നായിരുന്നു ഈ വിധി. ഇതോടെ പ്രിയയുടെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഓട്ടം നിലച്ചു. അതുവരെ ഈ സഞ്ചരിക്കുന്ന ആശുപത്രി കൊണ്ട് ജീവിച്ചിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് അസിസ്റ്റന്റുമാര്‍ക്കും മൂന്ന് കെയര്‍ടേക്കര്‍മാര്‍ക്കും ജോലി നഷ്ടമായി.
45 ശതമാനം സബ്സിഡിയോടെ നബാര്‍ഡ് നല്കിയ വായ്പയുള്‍പ്പെടെ 45 ലക്ഷത്തോളം രൂപ പ്രിയ തിരിച്ചടയ്ക്കണം. മാസം 60,000 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. വിവാഹിതയായ പ്രിയയെ ആശ്രയിച്ച് രണ്ട് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: