ബംഗളൂരു: രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സംരക്ഷണം നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഐഎസ് ഭീകരന് അബ്ദുള്‍ റഹ്മാന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി കോടതി തള്ളി.
ഭാരതത്തിലെ ഓരോ പൗരനും ഭരണഘടനയെ അനുസരിക്കാനും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാനും ആര്‍ട്ടിക്കിള്‍ 51 (എ) (എ) പ്രകാരം ബാധ്യസ്ഥരാണ്. രാഷ്ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനോടും ഭരണഘടന കല്പിക്കുന്നു. ഓരോ പൗരന്റെയും അടിസ്ഥാന കടമയാണതെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ട് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാര്‍, ജസ്റ്റിസ് വിജയകുമാര്‍ എ. പാട്ടീല്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഭാരതത്തിലെ പൗരനെന്ന നിലയില്‍ ഹര്ജിക്കാരന് തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അതിനുപകരം ഭാരതത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ഒരു സംഘടനയില്‍ അംഗമാകുകയും ഭരണഘടനാപരമായ ഉത്തരവുകള്‍ ലംഘിക്കുകയും ചെയ്യുകയാണെങ്കില്‍, അത് തെറ്റാണെന്നും കോടതി പറഞ്ഞു. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അബ്ദുള്‍ റഹ്മാന് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുറ്റപത്രത്തിലെ ആരോപണങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് തോന്നുന്നില്ല. കോടതിക്ക് മുമ്പാകെ ഹാജരാക്കുന്ന വസ്തുക്കള്‍ പ്രഥമദൃഷ്ട്യാ നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെങ്കില്‍ അവിടെ ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കാനാവില്ല. പകരം രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഭരണഘടനാ കോടതികളുടെ കടമയാണെന്നും കോടതി വ്യക്തമാക്കി. ശിവമോഗ ഐഎസ് ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് 2023 ജനുവരി 11നാണ് അബ്ദുള്‍ റഹ്മാനെയും നദീം അഹമ്മദിനെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭാരത് ന്യായ് സന്‍ഹിതയിലെ സെക്ഷന്‍ 120 ബി, 121, 121 എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 18, 20, 38 എന്നിവ ചുമത്തപ്പെട്ടതിനെയും അബ്ദുള്‍ റഹ്മാന് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: