ശബരിമലയില്‍ മലയാളി ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയായിരുന്നാല്‍ മതിയെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളെല്ലാം ഹൈക്കോടതി തള്ളി.
അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഈ വിധി.നേരത്തെ മലയാളി ബ്രാഹ്മണന്‍ മാത്രം ശബരിമലയില്‍ മേല്‍ശാന്തിയായിരുന്നാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. നിരവധിപേരാണ് ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ശരിയായ വാദമുഖങ്ങളൊന്നും ഉയര്‍ത്തിയില്ലെന്ന് കാണിച്ചാണ് റിട്ട് പരാതികള്‍ എല്ലാം ഹൈക്കോടതി തള്ളഇയത്. റിട്ട് പരാതിയില്‍ അവര്‍ ഉയര്‍ത്തിയ വാദത്തിന് ഉപോല്‍ബലകമായ വാദമുഖങ്ങളൊന്നും ഉയര്‍ത്തപ്പെട്ടില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരമുള്ള വാദങ്ങളാണ് പരാതിക്കാരുടെ അഭിഭാഷകര്‍ നിരത്തിയത്. എന്നാല്‍ ശരിയായ വാദമുഖങ്ങളൊന്നും ഉയര്‍ത്തപ്പെട്ടില്ലെന്നതിനാല്‍ ഈ പരാതികള്‍ തള്ളിക്കളയുന്നു- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
2021മെയ് 27നാണ് ശബരിമലയിലും മാളികപ്പുറം ക്ഷേത്രത്തിലും ശാന്തിക്കാരനെ നിയമിക്കാന്‍ മലയാള ബ്രാഹ്മണരില്‍പ്പെട്ടവരെ മാത്രം തേടിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 14,15,16, 17,21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി അഭിഭാഷകനായ ബി.ജി. ഹരീന്ദ്രനാഥ് പരാതി നല്‍കിയിരുന്നു. മേല്‍ശാന്തി നിയമനം മതേതര സ്വഭാവം പുലര്‍ത്തണമെന്നും ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ക്ക് ആകരുത് ഈ പദവിയെന്നും ഹരീന്ദ്രനാഥ് വാദിച്ചിരുന്നു. ശാന്തികര്‍മ്മങ്ങളില്‍ നല്ല ജ്ഞാനമുള്ള മറ്റ് സമുദായത്തില്‍ നിന്നും മേല്‍ശാന്തിയെ നിയമിച്ചതുകൊണ്ട് ഭരണഘടനയിലെ 25 (മതസ്വാതന്ത്ര്യം), 26 (മതകാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം) എന്നീ വകുപ്പുകളുടെ ലംഘനമാവില്ലെന്നും ഇദ്ദേഹം വാദിച്ചു. മറ്റ് ചില പരാതിക്കാര്‍ക്ക് വേണ്ടി വാദിച്ച ഡോ. മോഹന്‍ ഗോപാലും എങ്ങിനെയാണ് മലയാളി ബ്രാഹ്മണനെ മേല്‍ശാന്തി ആയി നിയമിക്കുന്നത് ഭരണഘടനയ്‌ക്ക് എതിരാവുന്നത് എന്നും വാദിച്ചു.
വാദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം എന്‍.ആദിത്യനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ നടന്ന കേസിലെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി. ഈ വിധിപ്രകാരം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ശിവക്ഷേത്രത്തില്‍ മലയാളി ബ്രാഹ്മണന്‍ അല്ലാത്ത വ്യക്തിയെ പൂജാരിയായി നിയമിച്ചതിനെ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ ദേവസ്വം ബോര്‍ഡ് തന്നെയാണ് ശബരിമലയും ഭരിക്കുന്നത് എന്നതിനാല്‍ ശിവക്ഷേത്രത്തിലെ വിധി ഇവിടെയും ബാധകമാണെന്നായിരുന്നു ഡോ. മോഹന്‍ ഗോപാലിന്റെ വാദം.
എന്നാല്‍ ഈ വാദമുഖങ്ങളെയെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞു. പകരം ഒരു ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ജാതിനിയന്ത്രണം പാലിക്കണമെന്നും ദേവസ്വം ബോര്‍ഡിന്റെ മലയാള ബ്രഹ്മണരെ മേല്‍ശാന്തിയായി നിയമിക്കുന്നതിനുള്ള 2021ലെ നോട്ടിഫിക്കേഷന്‍ ശരിയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: