തിരുവനന്തപുരം: എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന അടിയന്തരാവസ്ഥ 1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ ഒളിവില്‍ ആണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിനെതിരെ പ്രവര്‍ത്തിച്ചത്. ഗുജറാത്തില്‍ ആ ഒളിവ് ജീവിതത്തിന് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു ഇന്നത്തെ നരേന്ദ്രമോദിയെന്ന് ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ മുന്‍ എഡിറ്ററായിരുന്ന മലയാളിയായ ബാലശങ്കര്‍. അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അടിയന്തരാവാസ്ഥ കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. അതിനായി മോഖേജി എന്ന ആര്‍എസ്എസ് നേതാവ് ചുമതലപ്പെടുത്തിയത് ജേണലിസ്റ്റ് കൂടിയായ ബാലശങ്കറിനെയായിരുന്നു. ജനസംഘം അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ ഒളിവുപ്രവര്ത്തനങ്ങള് പല പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. ഇത് ക്രോഡീകരിച്ച് ഒരു പുസ്തകരൂപത്തിലാക്കിയാല്‍ ഭാവി സംഘം പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അക്കാലത്തെ കാര്യങ്ങള്‍ അറിയുന്നതിന് ഉപകരിക്കും എന്ന ചിന്തയിലാണ് എല്ലാക്കാര്യങ്ങളും ഒരു പുസ്തകത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനമെടുത്തത്.
അന്ന് ദല്‍ഹിയിലെ ആര്‍എസ്എസ് നേതാവായ മോഖേജി പറഞ്ഞു:”മിസ്റ്റര്‍ ബാലശങ്കര്‍, ഇക്കാര്യത്തില്‍ താങ്കളെ സഹായിക്കാന്‍ ഗുജറാത്തില്‍ നിന്നും ഒരു സീനിയര്‍ നേതാവ് വരും”. ഗുജറാത്തില്‍ നിന്നും അന്ന് വന്നത് മോദിയായിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തില്‍ ഒളിവിലിരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു മോദി. അദ്ദേഹം ഗുജറാത്തി ഭാഷയില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിരുന്നു. മോദിയ്ക്ക് ഗുജറാത്തി, മറാഠി, ഹിന്ദി എന്നീ ഭാഷകള്‍ നന്നായി അറിയാം. അടിയന്തരാവസ്ഥയെക്കുറിച്ചും അറിയാം. അപ്പോള്‍ ലേഖനങ്ങള്‍ ക്രോഡീകരിക്കുക എളുപ്പമാണ്.
രണ്ടുമാസത്തോളം മോദി ദല്‍ഹിയിലെ സംഘത്തിന്റെ ഓഫീസില്‍ താമസിച്ചു. അന്ന് ഞങ്ങള്‍ രണ്ടുപേരും രാത്രി സംഘം ഓഫീസില്‍ പായ വിരിച്ചാണ് കിടന്നിരുന്നത്. അതിവേഗത്തിലാണ് മോദി പുസ്തകത്തില്‍ ചേര്‍ക്കാന്‍ ആവശ്യമായ ലേഖനങ്ങള്‍ തപ്പിയെടുത്ത് ക്രോഡീകരിച്ച് തന്നത്. ആവശ്യമില്ലാത്ത ലേഖനങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
“ഗുജറാത്തിലെ സഹപ്രാന്തപ്രചാരക് ആയിരുന്നു അന്ന് മോദി. ഗുജറാത്തിലെ സംഘം മേധാവിയുടെ തൊട്ടുതാഴെയുള്ള പദവിാണത്. മോദിജി വന്നു. കാര്യാലയത്തില്‍ താമസം. വലിയൊരു ഹാളുണ്ട്. അവിടെ പായ വിരിച്ച് കിടക്കും. ചിലപ്പോള്‍ ഹാളില്‍ കിടക്കും. ചിലപ്പോള്‍ ടെറസ്സില്‍ കിടക്കും. അന്ന് 90 ശതമാനം വര്‍ക്കും അദ്ദേഹമാണ് ചെയ്തത്. ഹിന്ദിയിലും ഗുജറാത്തിലും മറാഠിയിലും അദ്ദേഹത്തിന് അറിവുണ്ട്. ഈ ഭാഷകളില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളെല്ലാം വേര്‍തിരിച്ചത് മോദിയാണ്. ആകെയുള്ള ലേഖനങ്ങള്‍ പത്തില്‍ ഒന്നാക്കി മോദി ചുരുക്കി. എന്നിട്ട് അദ്ദേഹം പ്രസിദ്ധീകരിക്കേണ്ട ലേഖനങ്ങള്‍ ക്രോഡീകരിച്ച് 200 ഫയലുകളുണ്ടാക്കി. അത്രയ്ക്ക് ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ” – ബാലശങ്കര്‍ പറഞ്ഞു.
“അദ്ദേഹത്തെ കണ്ട മാത്രയില്‍ തന്നെ ഞാന്‍ ആകൃഷ്ടനായി. രണ്ട് മാസത്തോളം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ രാഷ്ടീയം പറയുമായിരുന്നു. ഇദ്ദേഹം ഒരു രാഷ്ട്രീയമനസ്സുള്ള ആളാണെന്ന് തോന്നി. ജനസംഘത്തിന് അന്ന് ഗുജറാത്ത് രാഷ്ട്രീയത്തില്‍ മുഖ്യ സ്വാധീനമില്ല. ഗുജറാത്തില്‍ അന്ന് 18 എംഎല്‍എമാര്‍ ഉണ്ട്. അന്ന് സംഭാഷണത്തിനിടയില്‍ തന്നെ മോദിയുടെ രാഷ്ട്രീയത്തോടുള്ള താല്പര്യം പ്രകടമായിരുന്നു. “ബാലശങ്ക്രര് നോക്കിക്കോ, അടുത്ത അഞ്ച് ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്ത് ജനസംഘം ഭരിയ്ക്കും. (അന്ന് ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട് ഈ ജനതാപാര്‍ട്ടി ഭിന്നിച്ചാണ് ബിജെപി ഉണ്ടായത്.) ഇവിടെ നിന്ന് മടങ്ങിപ്പോയാല് ജനസംഘ വിഭാഗത്തില്‍ ഞാന്‍ ചേരും. “-മോദി പറഞ്ഞു.
“1977ലാണ് ഇത് നടക്കുന്നത്. താങ്കള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടോ എന്ന് അന്ന് ഞാന്‍ വെറുതെ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം പറഞ്ഞു:’ ഒരുി ദിവസം ഞാന്‍ മുഖ്യമന്ത്രിയാകും’.- ബാലശങ്കര്‍ തന്റെ അനുഭവം വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: