കാമരൂപ് (ആസാം): കാത് തുറന്ന് ശ്രദ്ധയോടെ കേള്‍ക്കൂ… ഞാന്‍ ജീവിച്ചിരിക്കെ ആസാമില്‍ ശൈശവ വിവാഹങ്ങള്‍ അനുവദിക്കുന്ന പ്രശ്നമില്ല. രാഷ്ട്രീയമായിത്തന്നെ വെല്ലുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, 2026ന് മുമ്പ് ഇമ്മാതിരി കടകളെല്ലാം ഞാന്‍ പൂട്ടും, ആസാം നിയമസഭയില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതിജ്ഞ.
മുസ്ലിങ്ങള്‍ക്ക് മാത്രമായി ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടപ്പാക്കിയ വിവാഹ, വിവാഹമോചന നിയമം റദ്ദാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയത് സംബന്ധിച്ച പ്രതിപക്ഷ വാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആസാം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന് നിയമം 1935 റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ മുസ്ലിം സ്ത്രീകള്‍ക്ക് പീഡനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോചനം ലഭിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ നിയമം ശൈശവ വിവാഹങ്ങളെ പൂര്‍ണമായും ഇല്ലാതാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു നീക്കം ആരംഭിക്കുമെന്ന് നാഗോണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ‘ഇത്രയും കാലമായി മുസ്ലിം അമ്മമാര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും ഈ ബില്ലോടെ അവസാനിക്കും. പ്രധാനമന്ത്രി മുത്തലാഖ് അവസാനിപ്പിച്ചു. എന്നാല്‍ ആസാമില്‍ അതുകൊണ്ട് മാത്രം പ്രയോജനമുണ്ടായില്ല. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത ഖാസിക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ഈ നിയമം റദ്ദാക്കിയതോടെ തലാഖ് എളുപ്പമാകില്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹ രജിസ്ട്രേഷന് ഉണ്ടാകില്ല. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ശൈശവ വിവാഹം നടത്തിയ നിരവധി പേരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു, അവരില്‍ ചിലര്‍ക്ക് 10-15 വര്‍ഷം വരെ തടവ് ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആസാമില്‍ ശൈശവ വിവാഹത്തിനെതിരെ ഒരു നീക്കം കൂടി നടത്തും. 2026ന് മുമ്പ് ഈ പ്രശ്നം പൂര്‍ണമായും അവസാനിപ്പിക്കും, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: