പരുമല (ആലപ്പുഴ): പമ്പ കോളജില്‍ എസ്എഫ്ഐ അക്രമത്തില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശമായ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് തൃശ്ശൂര്‍ സ്വദേശി വൈശാഖനെതിരെ കൊല്ലപ്പെട്ട എബിവിപി പ്രവര്ത്തകന് അനു പി. എസിന്റെ അച്ഛന് ശശി പി.സി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഹര്ജിക്കാരന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരായി. വൈശാഖനെതിരെ കേസെടുക്കാനും പ്രതി വിചാരണ നേരിടാണമെന്നും മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജഫിന് രാജ് ഉത്തരവിട്ടു.
2023 മെയ് 21ന് സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ വൈശാഖന്, പരുമല കോളജില്‍ കൊല്ലപ്പെട്ടവര്‍ മദ്യപാനികള്‍ ആയിരുന്നെന്നാണ് പറഞ്ഞത്. ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തിലിരിക്കുന്ന മാതാപിതാക്കളെ വീണ്ടും അപമാനിക്കാനായി സിപിഎം നേതാവ് പ്രസ്താവന നടത്തിയത് അക്ഷന്തവ്യമായ തെറ്റാണെന്നും അതുകൊണ്ടുതന്നെ മരണപ്പെട്ടയാളിനും സദ്കീര്‍ത്തിക്ക് അവകാശമുണ്ടെന്നും അതിനെതിരെ നടത്തിയ ബോധപൂര്‍വ്വമായ പരാമര്‍ശങ്ങള്‍ക്ക് പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രതാപ് ജി. പടിക്കല്‍ കോടതിയെ അറിയിച്ചു. ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഹാജരാക്കിയിരുന്നു. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരും ഹാജരായി.
1996 സപ്തം. 17ന് എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാരായ പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം കോളജില്‍ വച്ച് അനു പി. എസ്, കിം കരുണാകരന്, സുജിത്ത് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രക്ഷയ്ക്കായി പുറത്തേക്ക് ഓടിയ മൂവരെയും പ്രതികള്‍ പമ്പാനദിയിലേക്ക് തള്ളിയിടുകയായിരുന്നു. കരയിലേക്ക് കയറാന്‍ ശ്രമിച്ചവരെ കല്ലെറിഞ്ഞ് നദിയില്‍ താഴ്ത്തി കൊന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ പ്രതികളെ രക്ഷപ്പെടുത്താനായി പോലീസ് അന്വേഷണം അട്ടിമറിച്ചന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഈ കേസിന്റെ പരാജയത്തിന്റെ കാരണക്കാര്‍ പോലീസാണെന്നും, അവര്‍ നിയമത്തിന്റെ രക്ഷകരാകേണ്ടതായിരുന്നെന്നും കേസിന്റെ അന്തിമ വിധിന്യായത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതി എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: