ഡെറാഡൂണ്‍: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റേയും, രാമവിഗ്രഹത്തിന്റെയും പോസ്റ്റര്‍ കീറി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സന്ത് രവിദാസ് ശോഭായാത്രയില്‍ ഹിന്ദു പുരോഹിതനെന്ന വ്യാജേന കയറിപ്പറ്റുകയും രാമക്ഷേത്രത്തിന്റെയും രാംലല്ലയുടെയും പോസ്റ്റര്‍ കീറിക്കളയുകയും ചെയ്ത അസം ഖാനാണ് പിടിയിലായത്.
ഹിന്ദു പുരോഹിതന്റെ വേഷത്തിലെത്തിയ അസം ഖാന് ശോഭായാത്ര ഘണ്ടാഘറിലെത്തിയപ്പോള് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. രാംലല്ലയുടേയും മറ്റ് നിരവധി ദേവീദേവന്മാരുടെയും ബാനറുകള്‍ യാത്രയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ നിന്ന് രാമക്ഷേത്രമുള്‍പ്പെടുന്ന രാംലല്ലയുടെ പോസ്റ്റര്‍ കീറുകയായിരുന്നു. മാത്രമല്ല അത് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തടയാന്‍ ശ്രമിച്ചവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മതവികാരം വ്രണപ്പെടുത്തിയതിന് അസം ഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ അസമിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാത്രി തന്നെ ഡെറാഡൂണ്‍ പോലീസ് അസംഖാനെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: