തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ തീരുമാനിക്കണമെന്ന ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം. യുജിസി റെഗുലേഷന്‍ 2018 പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് പ്രമേയം.
വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍വ്വകലാശാല നോമിനിയെ നല്‍കണമെന്ന ചാന്‍സലറുടെ ആവശ്യം സാങ്കേതിക സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം പരിഗണിച്ചില്ല. ഈ ആവശ്യം ഉള്‍പ്പെടുന്ന അജണ്ട നിരാകരിക്കണമെന്ന് ചട്ടം 38 (7) പ്രകാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം പ്രൊഫ. ജി. സഞ്ജീവ് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. യുജിസി റെഗുലേഷന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന നിയമസഭ പാസാക്കിയ ബില്‍ പ്രസിഡന്റിന്റെ പരിഗണനയിലാണ്. പ്രസിഡന്റിന് വിട്ട നടപടിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയം പരിഗണിക്കുന്നത് ഉചിതമല്ലെന്നും പ്രമേയം പറയുന്നു. സാങ്കേതിക സര്‍വ്വകലാശാല വിസി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തായപ്പോള്‍ സിസ തോമസിനെ വിസിയായി നിയമിച്ചത് വിവാദമായിരുന്നു.
ഇടത് ഭൂരിപക്ഷമുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ നല്കാതെ യോഗം അട്ടിമറിക്കുകയായിരുന്നു. കേരളസര്‍വ്വകലാശാലയിലും സമാന രീതിയില്‍ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഇടത് അനുകൂല അംഗങ്ങള്‍ അനുവദിച്ചിരുന്നില്ല. മറ്റ് സര്‍വ്വകലാശാലകളിലും സമാനരീതിയില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം അട്ടിമറിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: