പഞ്ച്കുല(ഹരിയാന): ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മലയാളിയായ അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് പുരസ്കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്പവും അടങ്ങിയതാണ് അവാര്‍ഡ്.
കോഴിക്കോട് വടകര സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 133 ചിത്രങ്ങളാണ് മത്സരയിനത്തില്‍ ഉണ്ടായിരുന്നത്. അറുനൂറിലേറെ എന്‍ട്രികളില്‍ നിന്നാണ് 133 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്.
മികച്ച നോണ്‍ പ്രൊഫഷണല്‍ കാമ്പസ് ഫിലിം ആപ് കി സുരക്ഷ ആപ് കി ജിമ്മേദാരി ആണ്. മികച്ച ഡോക്യുമെന്ററി മിഠായി മൊഹബ്ബത്ത്. മികച്ച പ്രൊഫഷണല്‍ കാമ്പസ് ഫിലിമായി ഹിന്ദിയില്‍ തയാറാക്കിയ ഐന തെരഞ്ഞെടുത്തു.
പ്രാദേശിക പ്രമേയങ്ങള്‍ ആഗോള പ്രശസ്തി നേടുന്ന കാലമാണ് ഇതെന്ന് സമാപന പരിപാടിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ച് സംസാരിച്ച കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ആര്‍ആര്‍ആറിന്റെ വിജയവും നാട്ടു നാട്ടു എന്ന പാട്ടും പ്രശസ്തമായത് അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തൊക്കെ പറയാം, എന്തൊക്കെ കാണിക്കാം എന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് ഒടിടിയിലും മറ്റും വരുന്ന അശ്ലീല സംഭാഷണങ്ങളേയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കുമെന്നും മന്ത്രി പറഞ്ഞു. ബോളിവുഡ് നടി ഇഷാ ഗുപ്ത, ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത്, സംവിധായകന് വിപുല്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: