കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ.സുധാകരന് നിര്‍ദേശം നല്‍കി. തുടർച്ചയായി ഇത് നാലാം തവണയാണ് സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നത്. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദമാണ് എഐസിസിയെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്.
ഇത്തവണ മത്സരത്തിനില്ലെന്ന് കെ.സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയും എം.പി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സുധാകരൻ എഐസിസി നേതൃത്വത്തെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. എന്നാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എം.വി ജയരാജൻ മത്സരിക്കുന്നതിനാൽ സുധാകരൻ തന്നെ കളത്തിലിറങ്ങണമെന്ന് നേതൃത്വം നിർദേശിക്കുകയായിരുന്നു.
അതേസമയം കണ്ണൂർ സീറ്റിൽ അവകാശവാദം ഉന്നയിച്ച് നേരത്തെ മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. തുടർന്ന് സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സുധാകരനെ ഇക്കുറിയും മത്സരിപ്പിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്തിനെ മത്സരിപ്പിക്കാൻ സുധാകരന് താല്പര്യമുണ്ടായിരുന്നെങ്കിലും സുധാകരൻ വിഭാഗക്കാരായ ഡിസിസി നേതൃത്വം പോലും ഈ നീക്കത്തെ എതിർത്തിരുന്നു.
നേരത്തെ സുധാകരന് രാജ്യസഭാ സീറ്റ് നൽകുന്ന കാര്യവും ദേശീയ നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ മുസ്ലീം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അവർക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം മുന്നോട്ട് വച്ച സാഹചര്യത്തിലാണ് സുധാകരൻ ലോക് സഭയിൽ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് മുഖ്യമന്ത്രി പദവിയിലേക്ക് എത്താമെന്ന സുധാകരന്റെ രാഷ്‌ട്രീയ മോഹങ്ങൾക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: