ഭോപ്പാൽ : ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർക്ക് കൂടുതൽ ഉർജ്ജം പകർന്നു നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 370-ലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 അധിക വോട്ടുകൾ നേടാൻ ശ്രമിക്കണമെന്ന് അമിത് ഷാ ഞായറാഴ്ച ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
മൊറേന, ഭിൻഡ്, ഗുണ, ഗ്വാളിയോർ എന്നീ നാല് ലോക്സഭാ സീറ്റുകൾ ഉൾപ്പെടുന്ന മധ്യപ്രദേശിലെ ഗ്വാളിയോർ-ചമ്പൽ ക്ലസ്റ്ററിലെ ബൂത്ത് മാനേജ്മെൻ്റ് കമ്മിറ്റിയിലെ നാനൂറോളം നേതാക്കളോടും പ്രവർത്തകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി വോട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ പ്രവർത്തകരോട് ഷാ ആവശ്യപ്പെട്ടു. “ലോക്സഭാ തെരഞ്ഞെടുപ്പിന് 100 ദിവസങ്ങൾ ബാക്കിയുണ്ട്, ഓരോ വോട്ടും പാർട്ടിക്ക് പ്രധാനമാണ് ” ഷായെ ഉദ്ധരിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്ത ഒരു പ്രാദേശിക ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയാൻ ചില പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കേന്ദ്രമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ അവരുമായി ചർച്ച ചെയ്യുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം 10 ശതമാനം വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചതായും നേതാവ് പറഞ്ഞു.
നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി. ശർമ്മ എന്നിവർ ഷായ്ക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. യോഗത്തിന് ശേഷം ഖജുരാഹോയിലേക്ക് പോയ ഷാ അവിടെ ബിജെപിയുടെ ബൂത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ കടക്കുമെന്ന് ഈ മാസം ആദ്യം മധ്യപ്രദേശിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഭരണസഖ്യത്തിന് 400 സീറ്റുകൾ ലഭിക്കുമെന്ന് പാർലമെൻ്റിലെ പ്രതിപക്ഷ നേതാക്കൾ പോലും പറയുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
543 ലോക്സഭാ സീറ്റുകളിൽ 370 സീറ്റുകളും ബിജെപി നേടുന്നതിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം മധ്യപ്രദേശിലെ 29 ലോക്സഭാ സീറ്റുകളിലും വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ൽ സംസ്ഥാനത്ത് 28 സീറ്റുകളാണ് ബിജെപി നേടിയത്. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ കോട്ടയായ ചിന്ദ്വാരയിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.
കഴിഞ്ഞ ബുധനാഴ്ച ചിന്ദ്വാരയിലെ നിരവധി കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. ഇതിനു പുറമെ നിരവധി കോൺഗ്രസുകാർ ഭരണകക്ഷിയിൽ ചേരുമെന്ന് നേതൃയോഗം വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: