റിയാദ് : ഫെബ്രുവരി മൂന്നാം വാരം സൗദി അറേബ്യയിലെ എല്ലാ മേഖലകളിലും നടത്തിയ പരിശോധനയില്‍ 19,431 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19,431 അനധികൃത താമസക്കാരില്‍ 11,897 പേര് താമസ നിയമം ലംഘിച്ചവരാണ്. 4,254 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,280 തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.
ഈ മാസം 15 മുതല്‍ 21 വരെ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ ഫീല്‍ഡ് സെക്യൂരിറ്റി പരിശോധനയിലാണ് അറസ്റ്റ്.സൗദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായവരുടെ ആകെ എണ്ണം 971 ആയി. അവരില്‍ 39 ശതമാനം യെമന്‍ സ്വദേശികളും 57 ശതമാനം എത്യോപ്യന്‍ സ്വദേശികളും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
സൗദിക്ക് പുറത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ 36 പേര് കൂടി പിടിയിലായിട്ടുണ്ട്. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഭയം നല്കല്, തുടങ്ങിയ കുറ്റങ്ങള്‍ക്ക് മറ്റൊരു 15 പേരെയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: