പൂഞ്ഞാര്‍(കോട്ടയം): പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി മുറ്റത്ത് അതിക്രമിച്ച് കയറി വികാരി ഫാ. ജോസഫ് ആറ്റുചാലിനെ അപകടപ്പെടുത്താന്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30ന് ആരാധന തടസപ്പെടുത്തുംവിധം കാറും ഇരുചക്രവാഹനങ്ങളുമായി കടന്നുകയറി അഭ്യാസപ്രകടനം നടത്തിയവരാണ് വികാരിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്.
ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. പള്ളിമുറ്റത്തെ ഗ്രൗണ്ട് അഭ്യാസത്തിനായി തെരഞ്ഞെടുത്തത് ആസൂത്രിത കലാപത്തിനുള്ള കോപ്പുകൂട്ടലാണെന്ന് വിശ്വാസ കൂട്ടായ്മകള്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 10 പേരെ ഏറ്റുമാനൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
ഇവരെ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റു 17 പേരെ ചങ്ങനാശ്ശേരിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിടിയിലായവരുടെ പേരുവിവരം പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. അക്രമത്തിന് പിന്നില്‍ ഒരു മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമല്ലെന്നാണ് പോലീസ് പ്രചരിപ്പിച്ചത്. തെറ്റായവിവരം പ്രചരിപ്പിച്ച പോലീസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യാദൃച്ഛികമായി നടന്ന സംഭവമെന്ന് വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഒറ്റപ്പെട്ടതല്ലെന്നും ഞായറാഴ്ചകളില്‍ മതബോധന ക്ലാസുകള്‍ക്ക് ശേഷം മടങ്ങുന്ന പെണ്‍കുട്ടികളെയുള്‍പ്പെടെയുള്ളവരെ ശല്യം ചെയ്യുന്നത് പതിവാണെന്നും ക്രൈസ്തവ നേതൃത്വം പറയുന്നു.
പാലാ രൂപതയിലെ പള്ളികളില്‍ ഇന്നലെ രാവിലെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആക്രമണത്തില്‍ തീക്കോയി സെന്റ് മേരീസ് ഇടവക പൊതുയോഗം പ്രതിഷേധം രേഖപ്പെടുത്തി. പള്ളി മൈതാനത്ത് നടത്തിയ പ്രതിഷേധയോഗം വികാരി റവ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
അരുവിത്തുറ പള്ളി ഇടവകാംഗങ്ങള്‍ വായമൂടി കെട്ടി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ കുര്‍ബാനയ്‌ക്ക് പള്ളിയിലെത്തിയ അരുവിത്തുറ ഇടവക അംഗങ്ങള്‍ വൈദികരുടെ നേതൃത്വത്തിലാണ് വായമൂടി കെട്ടി പ്രതിഷേധിച്ചത്. തുടര്‍ന്ന് ചേര്‍ന്ന അരുവിത്തുറ പള്ളി പ്രതിനിധി യോഗം സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളിയില്‍ പന്തംകൊളുത്തി പ്രകടനത്തിന് യുവദീപ്തി- എസ്എംവൈഎം രൂപതാ യുവജന പ്രതിനിധികളായ ഭാരവാഹികള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: