ന്യൂദൽഹി: ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ഹരിയാന യൂണിറ്റ് പ്രസിഡൻ്റ് നഫെ സിംഗ് റാത്തിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് ജജ്ജാർ ജില്ലയിലാണ് കൊലപാതകം നടന്നത്. രണ്ട് തവണ ഹരിയാനയിൽ എംഎൽഎ ആയിരുന്നു അദ്ദേഹം.
മുൻ എംഎൽഎയായ റാത്തി തന്റെ എസ്‌യുവി കാറിൽ സഞ്ചരിക്കുമ്പോൾ ബഹദൂർഗഡ് ടൗണിൽ വെച്ച് കാറിലെത്തിയ തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന റാത്തിയുടെ ഒരു സഹായിയും മരിച്ചു, മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചികിൽസയ്‌ക്കായി ബ്രഹ്മശക്തി സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റി.
‘മുൻ എംഎൽഎ നഫേ സിങ്ങിനെയും ജയ്‌കിഷനെയും മരിച്ച നിലയിൽ കൊണ്ടുവന്നു. കഴുത്തിലും മുതുകിലും തോളിലുമാണ് ഇവർക്ക് വെടിയേറ്റത്. ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. രക്തം നഷ്‌ടപ്പെട്ട് ഒടുവിൽ ഹൃദയാഘാതത്തിനും കാരണമായി അദ്ദേഹം മരിച്ചുവെന്നാണ് ബിഎസ്എസ് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രത്തിയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാല പിടിഐയോട് പറഞ്ഞു.
അതേ സമയം ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ കലാ ജാഥേദിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: