ന്യൂദല്‍ഹി: സിമി എന്ന നിരോധിത സംഘടനയുടെ എഡിറ്റര്‍ പദവി വരെ വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെ 22 വര്‍ഷത്തിന് ശേഷം മഹാരാഷ്ട്രയില്‍ നിന്നും പൊക്കി ദല്‍ഹി പൊലീസ്. മഹാരാഷ്ട്രയിലെ ബുസാവലിയില്‍ നിന്നുമാണ് ദല്‍ഹി പൊലീസിന്റെ സതേണ്‍ റേഞ്ച് സ്പെഷ്യല്‍ സെല്‍ ഹനീഷ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. 2001 മുതല്‍ രാജ്യദ്രോഹം, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു.
നാല് വര്‍ഷത്തെ ഹനീഷ് ഷെയ്ഖ് വേട്ട; ഒടുവില്‍ പേരും വേഷവും മാറ്റിയ ഹനീഫ് വലയില്‍
കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹത്തിന്റെ ഒളികേന്ദ്രങ്ങള്‍ തേടി ദല്‍ഹി പൊലീസ് രാജ്യമെമ്പാടും ഹനീഫിനെ അരിച്ചുപെറുക്കിയിരുന്നു. പലയിടങ്ങളിലും നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പരിശോധന നടത്തിക്കൊണ്ടേയിരുന്നു. പക്ഷെ ലക്ഷ്യത്തിലെത്തിയില്ല. ഹനീഫിനെ തേടി വിവിധ സംസ്ഥാനങ്ങളില്‍ സംഘം യാത്ര ചെയ്തു.
കൂട്ടാളികളിലേക്ക് അന്വേഷണം നീണ്ടിട്ടും തുമ്പുകിട്ടിയില്ല. ഒടുവിലാണ് ഹനീഫ് ഷെയ്ഖ് ഇപ്പോള്‍ മുഹമ്മദ് ഹനീഫ് എന്ന പേര് മാറ്റി മഹാരാഷ്ട്രയിലെ ബുസാവലില്‍ ഒരു ഉര്‍ദുസ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയത്. ഫെബ്രുവരി 22ന് ഒരു സംഘം പൊലീസ് ഇയാള്‍ക്ക് വേണ്ടി വലവിരിച്ചു. ഉച്ചയ്ക്ക് 2.30ന് സിവില്‍ വേഷത്തില്‍ പൊലീസ് അവിടെ തമ്പടിച്ചു. മുഹമ്മദിന് നഗറില്‍ നിന്നും ഖഡ്ക റോഡ് സൈഡിലേക്ക് സംശയസ്പദമായ വ്യക്തി എത്തി. അതോടെ പൊലീസ് സംഘം ഇയാളെ വളയാന്‍ തുടങ്ങി. സംശയം മണത്ത ഹനീഫ് ഷെയ്ഖ് രക്ഷപ്പെടാന്‍ തുനിച്ചു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്.
നേരത്തെ യുഎപിഎ കുറ്റം ചുമത്തിയിരുന്ന ഹനീഫ് ഷെയ്ഖിനെതിരെ 2001ല്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തി. 2002ല്‍ ദല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ സിമിയെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. സിമിയുടെ നിരവധി യോഗങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും സംഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി, കര്‍ണ്ണാടക എന്നിവിടങ്ങളിലും സജീവമായിരുന്നു.
ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997ല്‍ ആണ് സിമിയില്‍ അംഗമാകുന്നത്. പിന്നീട് 25 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ നിരവധി ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചു. 2001ല്‍ സിമി തലവന്‍ സാഹിദ് ബദര്‍ ഇദ്ദേഹത്തെ സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്റിന്റെ എഡിറ്ററായി നിയമിച്ചു. ഉറുദു പതിപ്പിന്റെ എഡിറ്ററായിരുന്നു. ദല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിന് പ്രത്യേകമുറിയും ഉണ്ടായിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം തുളുമ്പുന്ന നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം സിമി മാസികയില്‍ എഴുതി. ഇദ്ദേഹം വ്യക്തികളില്‍ നിന്നും സംഘടനയ്ക്ക് വേണ്ടി പണം പിരിച്ചിരുന്നു. സിമിയ്ക്ക് പുറമെ വഹാദത്ത് ഇ ഇസ്ലാം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു.
2001ലെ സിമി നിരോധനം
2001ല്‍ സിമി നിരോധിച്ചതോടെ ദല്‍ഹിയിലെ സിമിയുടെ ആസ്ഥാനത്ത് റെയ്ഡ് നടന്നു.സിമി നേതാക്കള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് സിമിയുടെ ദല്‍ഹി ആസ്ഥാനം റെയ്ഡ് ചെയ്തത്. ഇവിടെ നിന്നും കുറ്റകരമായ രേഖകളും ചിത്രങ്ങളും പോസ്റ്ററുകളും ഓഡിയോകളും വീഡിയോകളും കമ്പ്യൂട്ടറുകളും കണ്ടെടുത്തു. എന്നാല്‍ ഹനീഫ് ഷെയ്ഖ് ഒളിവില്‍ പോയി. പിന്നീട് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പലയിടങ്ങളിലും താമസിച്ചു.
സിമി നിരോധനത്തിന് ശേഷം മറ്റ് പല പേരുകളിലും സമാനസ്വഭാവമുള്ള സംഘടനകള്‍ പലരും ആരംഭിച്ചിരുന്നു ഹനീഷ് ഷെയ്ഖ് ഈ സംഘടനകളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: