ന്യൂദല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും (എന്‍സിബി) ദല്‍ഹി പോലീസിന്റെയും സംയുക്ത സംഘം. റാക്കറ്റിന്റെ സൂത്രധാരന്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് കണ്ടെത്തിയതായി എന്‍സിബി അറിയിച്ചു. എന്‍സിബി, ദല്‍ഹി പോലീസ് സംയുക്ത സംഘം നടത്തിയ ഓപ്പറേഷനില്‍ പിടിക്കപ്പെട്ട കടത്തുകാരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ഒളിപ്പിച്ചു കടത്തുകയായിരുന്ന 50 കിലോഗ്രാം രാസ ലഹരിയും പിടിച്ചെടുത്തു. മിക്സഡ് ഫുഡ് പൗഡറും കൊപ്രക്കുമൊപ്പം കടത്താന്‍ ശ്രമിച്ച അസംസ്കൃത രാസ ലഹരിയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരന്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് തിരിച്ചറിഞ്ഞതായി എന്‍സിബി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 45 തവണ സ്യൂഡോഫെഡ്രിന് കയറ്റുമതി ചെയ്തതായി അറസ്റ്റിലായ മൂന്ന് പേര് മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയെ അറിയിച്ചതായി എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഡിഡിജി) ഗ്യാനേശ്വര്‍ സിംഗ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഈ കയറ്റുമതികളിലൂടെ ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിന് വിദേശത്തെക്ക് എത്തിച്ചതായി ആണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ഇത് ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമുണ്ട്.
ഏകദേശം നാല് മാസം മുമ്പ് ഓസ്ട്രേലിയന്‍, ന്യൂസിലന്‍ഡ് അധികൃതര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍സിബി, ദല്‍ഹി പോലീസ് സംഘം ശൃംഖലയെ പൊളിച്ചതെന്നും ഗ്യാനേശ്വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലേക്കും സമാനരീതിയില്‍ കൂടുതല്‍ സ്യൂഡോഫെഡ്രിന് ഇന്ത്യയില്‍ നിന്ന് കടത്താന്‍ സാധ്യതയുള്ളതായും പ്രതികള്‍ മുന്നറിയിപ്പു നല്കി.
കൂടാതെ, യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് (ഡിഇഎ) ഈ കയറ്റുമതിയുടെ ഉത്ഭവസ്ഥാനം ദല്‍ഹിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന സപ്ലിമെന്ററി ഇന്റലിജന്‍സ് നല്‍കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. റാക്കറ്റിന്റെ സൂത്രധാരന്‍ ഒളിവില്‍ കഴിയുന്ന ഒരു തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്യൂഡോഫെഡ്രിനിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു.
എന്താണ് സ്യൂഡോഫെഡ്രിന്?
സ്യൂഡോഫെഡ്രിന് (Pseudoephedrine) ഒരു അസംസ്കൃത രാസവസ്തുവാണ്. ഇത് ലോകമെമ്പാടും ഡിമാന്‍ഡുള്ള ഒരു പ്രമുഖ മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ (മെത്ത്-Meth) നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
ഇതിന് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയോളം വിലവരുമെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. സ്യൂഡോഫെഡ്രിന് വളരെ ആസക്തിയുള്ള സിന്തറ്റിക് ലഹരിയാണ്. ഇതിന് ചില നിയമപരമായ ഉപയോഗമുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത് നിയന്ത്രിത പദാര്‍ത്ഥമായി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഒന്നാണ്.
അതിന്റെ ഉത്പാദനം, കൈവശം, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവയില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടെന്നാണ് അതിന് അര്‍ത്ഥം. സ്യൂഡോഫെഡ്രിന് അനധികൃതമായി കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും എന്‍ഡിപിഎസ് നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: