വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പശുക്കിടാവിനെ കടിച്ച് കൊന്നു. ഇന്ന് രാവിലെ കടുവയെ കണ്ടതായി പ്രദേശവാസികളും പറയുന്നുണ്ട്. നാട്ടുകാരനായ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. രാവിലെ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വീണ്ടും കടുവയിറങ്ങിയതായുള്ള ഭീതി പടർന്നത്.
തോമസിന്റെ വീട്ടിൽ നിന്നും നൂറ് മീറ്റർ മാറിയായിരുന്നു പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടത്. ഇതിന് സമീപത്ത് നിന്നും കടുവയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പള്ളിയിൽ പോയവരാണ് കടുവയെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി മേഖലയിൽ കടുവയുടെ സാന്നിദ്ധ്യമുണ്ട്. ഇതേ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരിക്കുകയാണ്. എന്നാൽ ഇതുവരെ കടുവ കൂട്ടിലായിട്ടില്ല. ഇതിനിടെയാണ് കടുവ വീണ്ടും ജനവാസമേഖലയിൽ എത്തിയത്.
കടുവയെ കണ്ടാൽ മയക്കുവെടിവയ്‌ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാർ മേഖലയിൽ തെരച്ചിൽ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: