പൂക്കോട്: വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കേസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയന് ഭാരവാഹികളും പ്രതികള്‍.
വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്ത്ഥന് തൂങ്ങിമരിച്ചതാണ് സംഭവം. ഇതില്‍ പ്രതികളെന്ന് ആന്റി റാഗിങ്ങ് കമ്മിറ്റി കണ്ടെത്തിയ മുഴുവന്‍ ആളുകളും എസ്എഫ്ഐ നേതാക്കളാണ്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന് ചെയര്മാന് അഖില്‍, യൂണിയന് മെമ്പര്‍ ആസിഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 പേര് സിദ്ധാര്‍ത്ഥനെ പൈശാചികമായ രീതിയില്‍ റാഗ് ചെയ്തതാണ് ആത്മഹത്യക്ക് കാരണമായത്. കഴിഞ്ഞ 14 മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സിദ്ധാര്‍ത്ഥനെ ഉപദ്രവിച്ചിരുന്നു. 15ന് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്ത്ഥന് എറണാകുളം വരെ എത്തിയ ശേഷം കാമ്പസിലേക്ക് മടങ്ങി. ഫോണില്‍ ചിലര്‍ വിളിച്ചതിനെത്തുടര്‍ന്നാണ് വീട്ടിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചത്. 16ന് രാവിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സിദ്ധാര്‍ത്ഥനെ കാമ്പസിലെ ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അന്നും അടുത്ത ദിവസവും ഹോസ്റ്റലില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അധിക്ഷേപത്തിനും പരസ്യവിചാരണക്കും സിദ്ധാര്ത്ഥന് ഇരയായി. 18ന് രാവിലെയും പീഡനം ആവര്‍ത്തിച്ചതിനു പിന്നാലെയായിരുന്നു സിദ്ധാര്ത്ഥന് ഹോസ്റ്റലിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്.
മൃതദേഹത്തില്‍ രണ്ടു ദിവസത്തോളം പഴക്കമുള്ള പരിക്കുകളും കണ്ടെത്തി, എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഇപ്പേള്‍ സസ്പെന്‍ഷനിലാണ്. ഇവരെ അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടത് പോലീസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: