കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെ. സീസണിലെ ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന മഞ്ഞപ്പട രണ്ടാം ഘട്ടത്തില്‍ പരിക്കിന്റെ ബാഹുല്യത്തിലാണ്. ഹോം മാച്ചില്‍ പോലും താരതമ്യേന ദുര്‍ബലരായ ടീമിനോട് വരെ പരാജയപ്പെട്ട് നില്‍ക്കെയാണ് ഇന്ന് കരുത്തന്‍ ടീമുമായി ഇവാന്‍ വുക്കോ മനോവിച്ചിന്റെ പട ഏറ്റുമുട്ടുക. പരിക്കിന്റെ പിടിയലമര്‍ന്നുപോയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. സമനിലപോലും ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലേക്കുള്ള വഴിയില്‍ തടസങ്ങള്‍ സൃഷ്ടിക്കും.
സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയ്‌ക്ക് പിന്നാലെ താരങ്ങള്‍ പരിക്കേറ്റ് പിന്‍മാറുന്ന ഘോഷയാത്രയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ഏതാനും നാളുകളായി കണ്ടുവരുന്നത്. അഞ്ച് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലായെന്ന് പരിശീലകന്‍ വുക്കോ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ താരങ്ങളെ ഇനി അടുത്ത സീസണില്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അഡ്രിയാന്‍ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാന്‍, സച്ചിന്‍ എന്നിവരാണ് പരിക്ക് കാരണം വിശ്രമത്തിലിരിക്കുന്നത്. മാര്‍ച്ചോടെ ലൂണയും സൊട്ടിരിയും പരിശീലനത്തിനിറങ്ങും, പക്ഷെ കളിക്കിറങ്ങുന്ന കാര്യം ചിന്തിക്കുന്നുപോലുമില്ല.
തന്റെ കളി ജീവിതത്തിലോ പരിശീലകനായുള്ള കരിയറിലോ ഇത്രയധികം പരിക്കുകള്‍ നിറഞ്ഞൊരു കാലം ഉണ്ടായിട്ടേയില്ലെന്ന് വുക്കോമനോവിച്ച് പറയുന്നു. മെഡിക്കല്‍ ടീം അവരുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്നും. ഒരാള്‍ക്ക് പോലും മസില്‍ ഇഞ്ചുറി ഇല്ലെന്നും പരിശീലകന്‍ വ്യക്തമാക്കി. വരും സീസണിലും ഇത് ആവര്‍ത്തിക്കുമോയെന്ന ആശങ്ക മാധ്യമപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത്തരം സാഹചര്യങ്ങളെ യുവതാരങ്ങള്‍ പ്രതിഭ തെളിയിച്ചുകൊണ്ടേ മറികടക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് ഇടയ്‌ക്ക് വച്ച് നിര്‍ത്തി ഇടവേളയുടെ ദൈര്‍ഘ്യം നീണ്ടുപോയെന്ന അഭിപ്രായവും വുക്കോ പങ്കുവച്ചു. സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് പോലുള്ളവ നിലവില്‍ യൂറോപ്പിലും മറ്റും ലീഗ് ഫുട്‌ബോളുകള്‍ക്കിടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതുപോലെ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായമറിയിച്ചു.
ഇന്ന് രാത്രി ഏഴരയ്‌ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ഗോവയ്‌ക്കെതിരായ മത്സരം. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എവേ മാച്ചില്‍ ഒഡീഷ എഫ്‌സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് ഹോം മാച്ചില്‍ തോറ്റു. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോടും മഞ്ഞപ്പട പരാജയപ്പെട്ടു. ഇത്തരത്തില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട സാഹചര്യം ബ്ലാസ്റ്റേഴ്‌സിന് അടുത്ത കാലത്തെങ്ങും നേരിടേണ്ടി വന്നിട്ടില്ല. നിലവില്‍ 26 പോയിന്റുമായി ഗോവയ്‌ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ നിന്നും താഴേക്ക് ഇടിയുന്നത്.
ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്നിറങ്ങുന്ന ഗോവയ്‌ക്കും സീസണിലെ രണ്ടാം ഘട്ട മത്സരങ്ങളില്‍ അത്ര മികച്ച ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ തോല്‍വി അറിയാതെ വന്ന ടീം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. അതിന് മുമ്പ് നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോടും ടീം സ്വന്തം മൈതാനത്ത് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: