ലണ്ടന്‍: കരബാവോ കപ്പില്‍ ഇന്ന് കലാശപ്പോര്. രാത്രി 8.30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ എഫ്സിയും ചെല്‍സിയും ഏറ്റുമുട്ടും. ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം ആണ് വേദി.
കരുത്തരായ രണ്ട് ടീമുകളും നിര്‍ണായക പോരാട്ടത്തിന് സജ്ജമാകുമ്പോള്‍ പരിക്ക് ഒരു പോലെ അലട്ടുന്നുണ്ട്. ചെല്‍സിയുടെ മിഖായിലോ മുഡ്രിക്ക്, തിയാഗോ സില്‍വ, കാര്‍ണേ ചുക്വേമീക എന്നിവര്‍ കളിക്കിറങ്ങുമോയെന്ന് സംശയമാണ്. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ തിരിച്ചുവരവാണ് ലിവര്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഡാല്വിന് ന്യൂനസിനും മറ്റൊരു താരം ഡോമിനിക് സോബോസ്ലായിക്കും ഫിറ്റ്നസ് പോരായ്മകളുണ്ട്.
ലിവര്‍പൂളിനെ പരിശീലിപ്പിക്കുന്ന ജര്‍മന്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പ് ഈ സീസണ് അവസാനത്തോടെ ക്ലബ്ബിനോട് വിട പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്. സീസണിലെ നാല് കിരീടങ്ങളും സ്വന്തമാക്കി വിരോചിത വിടവാങ്ങലാണ് ക്ലോപ്പ് ലക്ഷ്യമിടുന്നത്. അതിനുള്ള ആദ്യ കടമ്പയാണ് ഇന്നത്തെ മത്സരം.
മറുവശത്ത് ചെല്‍സിയുടെ അര്‍ജന്റീന പരിശീലകന് മൗറീഷിയസ് പൊച്ചെട്ടീനോയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്നത്തെ ഫൈനല്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഘടകം പോലും ആയേക്കാം. തകര്‍ന്ന് തരിപ്പണമായിക്കിടന്ന ചെല്‍സിയെ മെരുക്കിയെടുക്കുകയെന്ന വലിയ ഉദ്യമമാണ് പൊച്ചെട്ടീനോ ഏറ്റെടുത്തത്. ചില പുരോഗതികള്‍ ടീമില്‍ പ്രകടമാണെങ്കിലും സ്ഥിരത കൈവരിക്കാനാകാത്തത് തിരിച്ചടിയാണ്. പ്രീമിയര്‍ ലീഗില്‍ 35 പോയിന്റുമായി പത്താം സ്ഥാനത്താണ് ഈ മുന്‍ ചാമ്പ്യന്മാര്.
ലിവര്‍പൂള്‍ ആകട്ടെ 60 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാമതാണ്. ഈ രണ്ട് ടീമുകളും ഇതിന് മുമ്പ് 2021-22 സീസണ് കരബാവോ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍ ജയിച്ചിരുന്നു. വാശിയേറിയ ഫൈനല്‍ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ 11-10നാണ് ലിവര്‍ വിജയിച്ചത്. അതിന് മുമ്പ് ഇരുവരും മുഖാമുഖം വന്ന ഫൈനല്‍ പോരാട്ടം 2005ലായിരുന്നു അന്ന് ചെല്‍സി 3-2ന് ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: