ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണ്ണായക സമയത്താണ് പുരുഷുവേട്ടന്‍ എന്ന കെ.പുരുഷോത്തമന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി ചുമതലയേല്‍ക്കുന്നത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ചുമതലയിലെത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുരോഗതിക്കും വികാസത്തിനും ഉപയുക്തമാവുന്ന തരത്തില്‍ സമഗ്രമായ വളര്‍ച്ച മത്സ്യ പ്രവര്‍ത്തക സംഘത്തിനുണ്ടാവണമെന്ന വീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സംഘ പ്രചാരകനായി സംസ്ഥാനത്തിന്റെ കടലോര മേഖലയുള്‍ക്കൊള്ളുന്ന വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് പ്രാന്ത കാര്യാലയ പ്രമുഖ് സ്ഥാനത്തു നിന്ന് അദ്ദേഹം മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ ചുമതല ഏല്‍ക്കുന്നത്.
ബിഎംഎസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്ന്, സ്വതന്ത്ര, വിവിധ ക്ഷേത്ര സംഘടനയായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തനം മാറി. സംഘടനാ സെക്രട്ടറിയായി ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിലൂടെ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്നേറ്റത്തിന് പിന്നില്‍ ആ സമര്‍പ്പിത കാര്യകര്‍ത്താവാണ്. സംഘടനയുടെ വികാസത്തിലും മുന്നേറ്റത്തിലും പ്രേരകശക്തിയായി അദ്ദേഹം മാറി. ചിട്ടയായ കാര്യകര്‍തൃപ്രശിക്ഷണത്തിലൂടെ പുതിയ കാര്യകര്‍ത്താക്കളെ സജീവമാക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധവച്ചു. കടലോര മേഖലയില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രത്യേക പരിശ്രമങ്ങള്‍ ഉണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കടലോരവിദ്യാര്‍ത്ഥികള്‍ എത്തിപ്പെടുന്നതിനായി പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തി. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വ്യക്തിത്വ പരിശീലന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കപ്പെട്ടു.
ആവശ്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്ന സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം ഇത്തരം മേഖലകളിലും സംഘടന മുന്നേറി. ഗ്രാമസഭകളുടെ യോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ ചിട്ടയായി സംഘടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വനിതകളുടെ ഈ മേഖലയിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ വനിതാ വിഭാഗം കൂടുതല്‍ സജീവമാക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ അദ്ദേഹം മുതിര്‍ന്ന കാരണവരായി മാറുകയായിരുന്നു. പരമേശ്വര്‍ജി മുന്നോട്ടുവച്ച സമുദ്രപൂജ കടലോര ഗ്രാമങ്ങളില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. സംന്യാസിവര്യര്‍, ആധ്യാത്മികാചാര്യന്മാര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനമേകി. വ്യാസജയന്തിയും പണ്ഡിറ്റ് കറുപ്പന്‍ ദിനാചരണവും വാവുബലി ചടങ്ങുകളും സാര്‍വ്വത്രികമായി. സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ സംരംഭങ്ങള്‍, ആധ്യാത്മികം, തുടങ്ങിയ വിവിധ മേഖലകളില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ്.
മാറാട് പ്രക്ഷോഭത്തിലും സുനാമി സേവാ പ്രവര്‍ത്തനത്തിലും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടന്ന നിരവധി സമരങ്ങള്‍, മീനാ കുമാരി റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളി-രാഷ്‌ട്രീയ സംഘടനകള്‍ പ്രക്ഷോഭവുമായി ഇറങ്ങിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പ്രചരിപ്പിച്ചുകൊണ്ട് സംഘടന നടത്തിയ ഐതിഹാസികമായ പരിപാടികള്‍ എന്നിവയുടെ പിന്നിലും പുരുഷുവേട്ടന്‍ എന്ന മാര്‍ഗ്ഗദര്‍ശിയുടെ മികവ് ഉണ്ടായിരുന്നു.
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളായ പ്രവര്‍ത്തകരെ തയ്യാറാക്കി അവരെ യഥായോഗ്യം വിന്യസിച്ചതിലൂടെ സംഘാടക മികവ് അദ്ദേഹം പ്രകടിപ്പിച്ചു. കടല്‍, കായല്‍ മേഖലയിലെ പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും ഇടയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനും പുതിയ പ്രവര്‍ത്തകരെ ഈ രംഗത്ത് കൈ പിടിച്ചുയര്‍ത്താനുമുള്ള പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സ്‌നേഹപൂര്‍ണ്ണമായ ഇടപെടലിലൂടെ മത്സ്യ പ്രവര്‍ത്തക സംഘ പ്രവര്‍ത്തകര്‍ക്കിടയില്‍ അവരിലൊരാളായി അദ്ദേഹം ജീവിച്ചു. കടലോളം സ്‌നേഹം തന്ന കാരണവരാണ് കടലോര മേഖലയ്‌ക്ക് നഷ്ടമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: