കൊല്‍ക്കത്ത: തൃണമൂല്‍ ഗുണ്ടകള്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തെളിവെടുപ്പ് രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു. സ്ത്രീകള്‍ തങ്ങള്‍ അനുഭവിച്ച ഭീകരമായ അതിക്രമങ്ങളെക്കുറിച്ച് കമ്മിഷനുമുന്നില്‍ വിവരിച്ചു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മിഷന് വ്യക്തമാക്കി.
നന്ദിഗ്രാം സാഹചര്യങ്ങള്‍ക്ക് തുല്യമാണ് സന്ദേശ്ഖാലിയുമെന്ന് ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. 2007-08 കാലത്ത് ഇടത് സര്‍ക്കാര്‍ ബലമായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. അതിനെതിരെയുള്ള പ്രക്ഷോഭവും ജനരോഷവുമാണ് 2011ല്‍ തൃണമൂല്‍ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. അതുപോലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി ഭൂമി തട്ടിയെടുക്കുകയാണ് തൃണമൂല്‍ നേതാവ് ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍. സ്ത്രീകള്‍ക്കുനേരെയുള്ള പിഡനങ്ങള്ക്കും ഭൂമിത്തട്ടിയെടുക്കലിനും എതിരെയാണ് സന്ദേശ്ഖാലിയെ സ്ത്രീകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സന്ദേശ്ഖാലിയിലെ പട്ടികവര്‍ഗ വിഭാഗക്കാരെ ഷാജഹാന് ഷെയ്ഖും ഗുണ്ടകളും വോട്ടിനായി ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബംഗാള്‍ പോലീസ് ഷാജഹാന് ഷെയ്ഖിനെ സംരക്ഷിക്കുകയാണെന്നാണ് കമ്മിഷന് പരാതി ലഭിച്ചത്. കമ്മിഷന് വൈസ് ചെയര്മാന് അനന്ത നായകിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പട്ടികവര്‍ഗ കമ്മിഷന് 50 ഓളം പരാതികളാണ് ലഭിച്ചത്.
വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. സന്ദേശ്ഖാലിയില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും തൃണമൂല്‍ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനും മമതയ്ക്ക് ആകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: