കൊല്‍ക്കത്ത/ ദല്‍ഹി: കേരളത്തില്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കിയ റബ്ബര്‍ കൃഷിയെ സംസ്ഥാനം അവഗണിക്കുന്നു എന്ന ആവലാതി വ്യാപകമായിരിക്കെ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് പ്രശ്നത്തിലിടപെടുന്നു.
റബ്ബറിനെ ആശ്രയിച്ചു കഴിഞ്ഞ മലയാളി കര്‍ഷകര്‍ വരുമാനനഷ്ടം മൂലം കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് റബര്‍കൃഷിയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന മധ്യതിരുവിതാംകൂറില്‍ ജനിച്ചുവളര്‍ന്ന ആനന്ദബോസ് കര്ഷകരക്ഷയ്ക്കുള്ള ഇരുപതിന ആശയങ്ങളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.
ബംഗാളിലെ സംഘര്‍ഷാന്തരീക്ഷത്തിനും തിരക്കേറിയ ദൗത്യങ്ങള്ക്കുമിടയില് ഇക്കഴിഞ്ഞ ദല്‍ഹി യാത്രയില്‍ ഉന്നതകേന്ദ്രങ്ങളുമായി അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവച്ചു.
.സ്വാഭാവിക റബ്ബര്കൃഷിയെയും അനുബന്ധ വ്യവസായ-തൊഴില്‍ സംരംഭങ്ങളെയും ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്ന അനേകായിരങ്ങള്‍ക്ക് പ്രത്യാശപകരുന്നതാണ് ആനന്ദബോസ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ഇരുപതിന ശുപാര്‍ശ.
സ്വാഭാവിക റബ്ബറിന് കുറഞ്ഞ സ്ഥിരവില (അഷ്വേര്‍ഡ് മിനിമം പ്രൈസ് -) പ്രഖ്യാപിക്കുക, കേരളം, ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുക, ആഭ്യന്തര റബ്ബര്‍ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുക, റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുക, പഞ്ഞ മാസങ്ങളില്‍ (ലീന്‍ സീസണ്) ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള പണമിടപാട് വഴി ഒരു മിനിമം അനുബന്ധ വരുമാനം ഉറപ്പാക്കുക, ഉള്ളി കയറ്റുമതി കമ്മിറ്റിയുടെ മാതൃകയില്‍ റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കമ്മിറ്റി രൂപീകരിക്കുക, റബ്ബര്‍ കര്‍ഷകര്‍, റബ്ബര്‍ ഉപയോക്താക്കള്‍, സര്‍ക്കാര്‍ സംയുക്ത പങ്കാളിത്തത്തോടെ റബ്ബര്‍ കര്‍ഷകര്‍ക്കായി സാമൂഹ്യസുരക്ഷാബോര്‍ഡ് സ്ഥാപിക്കുക, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന റബ്ബര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുക, മാനുവല്‍ റബ്ബര്‍ ടാപ്പര്‍മാരുടെ ദൗര്‍ലഭ്യം മറികടക്കാന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാപ്പിംഗ് സംവിധാനം വികസിപ്പിക്കുക, റബ്ബറിനെ ഒരു കാര്‍ഷിക ഉല്പന്നമായി ഉള്‍പ്പെടുത്തുകയും കര്‍ഷകര്‍ക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും വ്യാപിപ്പിക്കുകയും ചെയ്യുക, റബ്ബര്‍ കിസാന്‍സമ്മാന്‍ യോജന പദ്ധതി ഏര്‍പ്പെടുത്തുക, ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാന്‍ ഡബ്ല്യുടിഎ അനുവദിക്കുന്നില്ലെന്ന വ്യവസ്ഥ കണക്കിലെടുത്ത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാന്‍ ഡബ്ല്യുടിഎയില്‍ പറയുന്ന ‘ഡൈനാമിക് ഇറക്കുമതിനിയന്ത്രണസംവിധാനം’ ഏര്‍പ്പെടുത്തുക എന്നിവയാ ണ് ഗവര്‍ണര്‍ ആനന്ദബോസ് മുന്നോട്ടു വെച്ച പ്രധാന ആശയങ്ങള്‍.
താല്‍പ്പര്യ വൈരുദ്ധ്യം തടയുന്നതിനായി റബ്ബര്‍ വ്യവസായികള്‍, റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍ കര്‍ഷകര്‍ എന്നിവരുമായി കൂടിയാലോചിക്കുന്നതിന് മന്ത്രാലയതലത്തില്‍ സ്ഥിരസംവിധാനം ഏര്‍പ്പെടുത്തുക, പ്രതീക്ഷയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ഇല്ലാതാക്കാന്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹന പാക്കേജുകള്‍ പരിഷ്കരിക്കുക, റബ്ബര്‍ ബോര്‍ഡിന്റെ ലക്ഷ്യങ്ങളും തന്ത്രങ്ങളും പുനഃക്രമീകരിക്കുക, അങ്ങനെ അതിനെ ശക്തവും ഫലപ്രദവുമായ ഒരു സ്ഥാപനമാക്കുക, റബ്ബര്‍ കര്‍ഷകര്‍ക്ക് പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്ന ക്ഷേമ നടപടികള്‍ അവതരിപ്പിക്കുക,കഷ്ടനഷ്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കുക, റബ്ബര്‍ കര്‍ഷക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക, റിസ്ക് ഫണ്ട് രൂപീകരിക്കുക,തൊഴിലുറപ്പുപദ്ധതിയില്‍ റബ്ബര്‍ ടാപ്പിംഗ് ഉള്‍പ്പെടുത്തുക എന്നിവയാണ് മറ്റു ശുപാര്‍ശകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: