യേശുദാസിന്റെ അതേ വേഷം സ്വീകരിച്ച് സംഗീതത്തെ ഒരു പ്രണയിനിയെപ്പോലെ വരിച്ച് ഗായകനായി ജീവിച്ച കെ.ജി. മാര്‍ക്കോസിന് പക്ഷെ സിനിമയില്‍ മാത്രം ധാരാളം അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് ഗാനമേളയിലും ക്രിസ്തീയ ഭക്തിഗാനരംഗത്തും ഒതുങ്ങിപ്പോയ കെ.ജി.മാര്‍ക്കോസിന് വലിയ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് പ്രേമലുവിലെ തെലുങ്കാന ബൊമ്മലു എന്ന ഗാനം. ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സുഹൈല്‍ കോയയുടെ ഹിറ്റ് വരികളും വിഷ്ണു വിജയിന്റെ സംഗീതവും ടീനേജ് പ്രണയത്തിലെ രസികന്‍ മുഹൂര്‍ത്തങ്ങളും ശരിയായ അളവില്‍ അലിഞ്ഞുചേര്‍ന്നതോടെ തെലുങ്കാന ബൊമ്മലു മലയാളത്തില്‍ മാത്രമല്ല, തെലുങ്കില്‍ വരെ ഹിറ്റാണ്. കാരണം ഈ ആലാപനശൈലി ആന്ധ്രശൈലിയില്‍ മാര്‍ക്കോസ് പാടിയത് തെലുങ്കര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി.
15 വര്‍ഷത്തിന് ശേഷം മാര്‍ക്കോസിനെത്തേടി ഒരു ടീനേജ് ഹിറ്റ് ഗാനം
പ്രേമലുവില്‍ നിന്നും വിളി വന്നപ്പോള്‍ അതിശയം വന്നു. ചെന്നൈയില്‍ നിന്നും പഴയ കൂട്ടുകാരന് വിന്‍സന്റാണ് വിളിച്ചത്. ആരാണ് മ്യൂസിക് എന്ന് ചോദിച്ചപ്പോള്‍ പുതിയൊരു പയ്യനാണ് എന്ന് പറഞ്ഞു. ന്യൂജെന്‍ നമ്മളെയൊക്കെ ബോധിക്കുമോ എന്ന് സംശയിച്ചു. അപ്പോള്‍ വിഷ്ണുവിജയ് ആണ് സംഗീതസംവിധായകന് എന്ന് വിന്‍സെന്റ് പറഞ്ഞു. പിന്നീട് ശ്യാം പുഷ്കരന് പറഞ്ഞു. ഞാന്‍ വീട്ടിലേക്ക് വരാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ ചേട്ടനെ സിനിമയില്‍ റീ ഇന്‍ട്രൊഡ്യൂസ് ചെയ്യുകയാണ് എന്ന് ശ്യാം പുഷ്കരന് പറഞ്ഞപ്പോള്‍ വിശ്വാസമായി.
റീഇന്‍ട്രൊഡ്യൂസിംഗ് മാര്‍ക്കോസ് എന്ന് പറഞ്ഞാണ് പ്രേമലു നിര്‍മ്മാതാക്കള്‍ കെ.ജി. മാര്‍ക്കോസിനെ സ്ക്രീനില്‍ പരിചയപ്പെടുത്തുന്നത്. “നല്ലൊരു സിനിമയില്‍ പാടിയിട്ട് 15 വര്‍ഷത്തോളമായി. ഈ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രേമലുവിലെ പാട്ട് കിട്ടിയത്. പാടുന്നതിന് മുന്‍പേ ഹിറ്റാകണം എന്ന പ്രാര്‍ത്ഥന മനസ്സില്‍ ഉണ്ടായിരുന്നു. മെലഡിയായിരിക്കും എന്ന് കരുതിയാണ് വന്നതെങ്കിലും അടിച്ചുപൊളി പാട്ടായിരുന്നു. ഇത് ഞാന്‍ പാടിയാല്‍ ശരിയാകുമോ എന്ന് ചോദിച്ചപ്പോള്‍ സംഗീതസംവിധായകനും ഗാനരചയിതാവും നിര്‍ബന്ധിക്കുകയായിരുന്നു.”-മാര്‍ക്കോസ് പറയുന്നു.
എന്നാല്‍ താന്‍ ആരെയാണോ ആരാധിച്ചിരുന്നത് അദ്ദേഹം തന്നെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഈ നിമിഷം കെ.ജി. മാര്‍ക്കോസ് മനസ്സ് തുറക്കുകയാണ്. യേശുദാസിനെ അനുകരിച്ച് പാടിയതിനെ യേശുദാസ് തന്നെ പലയിടത്തും വിമര്‍ശിച്ചുകേട്ടപ്പോള്‍ 15 വയസ്സ് മുതല്‍ താനറിയുന്ന യേശുദാസ് അങ്ങിനെ പറഞ്ഞപ്പോള്‍ ഏറെ ദുഖം തോന്നിയെന്ന് മാര്‍ക്കോസ് പറയുന്നു. എന്റെ പാട്ടെങ്ങിനെയുണ്ട്, എന്റെ ശൈലിയെങ്ങിനെയുണ്ട് എന്ന് നോക്കാതെ യേശുദാസിനെ അനുകരിക്കുന്നു എന്നത് വലിയ കുറ്റമായി ചാര്‍ത്തപ്പെടുകയായിരുന്നു.
മാര്‍ക്കോസിനെ മനസ്സില്‍ കണ്ടുകൊണ്ട് തന്നെയാണ് ഈ പാട്ട് ചെയ്തതെന്നും വിഷ്ണു വിജയ് പറഞ്ഞപ്പോള്‍ മാര്‍ക്കോസിന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്റ്റുഡിയോയില്‍ പാടിയപ്പോള്‍ വിഷ്ണു വിജയും സുഹൈല്‍ കോയയും അടിപൊളി എന്ന് പറഞ്ഞപ്പോഴും മാര്‍ക്കോസിന് തൃപ്തിയില്ലായിരുന്നു. പക്ഷെ പിന്നീട് ഗാനം സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു.
70കള്‍ മുതലേ യേശുദാസ് കോമഡി ശൈലിയില്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു എന്ന് മാര്‍ക്കോസ് പറയുന്നു. പണ്ടത്തെ സുറുമ…നല്ല സുറുമ, മരംചാടി നടന്നൊരു കുരങ്ങന് എന്നിങ്ങനെ ശബ്ദവ്യതിയാനത്തോടെ പാടുന്ന ശൈലിയാണ് തെലുങ്കാന ബൊമ്മലുവില്‍ അനുകരിച്ചത്. ഇതിന് പുറമെ തെലുങ്കര്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചില എക്സ്പ്രഷനുകളും ചേര്‍ത്തത് ഗാനത്തിന് ജീവന് നല്കി. ഇപ്പോള്‍ ടീനേജുകാര്‍ തിയറ്ററുകളില്‍ ഈ പാട്ട് ആഘോഷമാക്കുകയാണ്.
82ല്‍ ജോണ്സന് മാഷാണ് കന്നിപ്പൂമാനം എന്ന ഗാനത്തിലൂടെ മാര്‍ക്കോസിനെ വ്യക്തിത്വമുള്ള ഗായകനായി കൊണ്ടുവന്നത്. മമ്മൂട്ടിയുടെ നിറക്കൂട്ടിലെ മാര്‍ക്കോസിന്റെ ‘പൂമാനമേ’ എന്ന ശ്യാം ചിട്ടപ്പെടുത്തിയ ഗാനവും മറക്കാനാവില്ല. ഇസ്രയേലില്‍ നായകനായി വാഴും ദൈവം എന്ന ഗാനം ക്രിസ്തീയഭക്തിഗാനരംഗത്ത് അവിസ്മരണീയമായിരുന്നു. ബിച്ചുതിരുമല, പി.ഭാസ്കരന് തുടങ്ങിയ എഴുത്തുകാരുടെ വരികളെല്ലാം മാര്‍ക്കോസ് അനശ്വരമാക്കിയിട്ടുണ്ട്. കാസറ്റ് കമ്പനികള്‍ ആരംഭിച്ച 80കളില്‍ ഹിന്ദു ഭക്തിഗാനം, മുസ്ലിം ഗാനം, ക്രിസ്തീയ ഭക്തിഗാനം തുടങ്ങി എല്ലാ ശൈലിയിലുമുള്ള ഗാനങ്ങള്‍ പാടി.
പക്ഷെ ശാസ്ത്രീയമായി അറിവില്ലെന്ന് പറഞ്ഞ് ചിലപ്പോള്‍ ജെറി അമല്‍ദേവ് സാറും കുറ്റപ്പെടുത്തിയെന്ന് മാര്‍ക്കോസ് പറയുന്നു.
സിനിമയില്‍ നിന്നും അകറ്റിയ ഗള്‍ഫിലെ ആക്സിഡന്റ്
പൂമാനമേ ഹിറ്റായ സമയത്താണ് 1986ല്‍ ഗള്‍ഫില്‍ വെച്ച് വലിയൊരു ആക്സിഡന്റ് ഉണ്ടാകുന്നത്. കാറില്‍ യാത്ര ചെയ്ത അഞ്ച് പേരില്‍ മൂന്ന് പേര് മരിച്ചു. ഗുരുതരമായ പരിക്കായിരുന്നു. 90ദിവസത്തോളം അല്‍ ഐനിലെ ആശുപത്രിയില്‍ കിടന്നു. നാട്ടില്‍ ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. അതോടെ സിനിമയില്‍ നിന്നും അകന്നു. സിനിമയില്‍ ഗ്യാപ്പായി. പുതിയ ഗായകരും വന്നു. അങ്ങിനെയിരിക്കെയാണ് സിദ്ധിക്ക് ലാലിന്റെ ഗോഡ് ഫാദര്‍ എന്ന സിനിമ കിട്ടി. മന്ത്രിക്കൊച്ചമ്മ വരുന്നേ ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും ഹിറ്റായി. കാബൂളിവാല, മാനത്തെ കൊട്ടാരം എന്ന സിനിമകളില്‍ പാടി. ദിലീപിന്റെ എന്‍ട്രിയായിരുന്നു മാനത്തെ കൊട്ടാരം എന്ന സിനിമ. ബേണി ഇഗ്നേഷ്യസ് ആയിരുന്നു സംഗീത സംവിധായകന്. തമ്പി കണ്ണന്താനത്തിന്റെ സിനിമയിലെ താലോലം എന്ന ഗാനം ഹിറ്റായിരുന്നു. തന്നെ താങ്ങി നിര്‍ത്തിയിരുന്ന ആളായിരുന്നു തമ്പി കണ്ണന്താനമെന്നും മാര്‍ക്കോസ് പറയുന്നു.
പണ്ടും ഇന്നും സിനിമാഗാനങ്ങളുടെ മൂല്യത്തില്‍ കുറെ മാറ്റങ്ങള്‍ വന്നതായി മാര്‍ക്കോസ് പറയുന്നു. അന്നൊക്കെ സിനിമാപ്പാട്ടുകള്‍ വലിയ വിലയ്ക്കാണ് വാങ്ങിയിരുന്നത്. മണിച്ചിത്രത്താഴിലെ അഞ്ച് പാട്ടുകള്‍ 25 ലക്ഷം രൂപയ്ക്കാണ് വിതരണക്കാര്‍ വാങ്ങിയിരുന്നത്. അന്ന് കാസറ്റ് ബിസിനസ് സജീവമായിരുന്നു. ഇന്ന് അഞ്ച് പാട്ടുകള്‍ ചേര്‍ന്നാല്‍ പോലും ഒരു ലക്ഷം രൂപ കിട്ടില്ല.
സ്റ്റേജില്‍ പാടുന്നത് ലഹരി
സ്റ്റേജില്‍ പാടുന്നത് ലഹരിയായി കാണുന്ന വ്യക്തിയാണ് താനെന്ന് മാര്‍ക്കോസ് പറയുന്നു. ആളുകളുമായി സംവദിച്ച് പാടാന്‍ ഇഷ്ടമാണ്. പലപ്പോഴും യേശുദാസിന്റെ പാട്ടുകളാണ് കൂടുതല്‍ പാടുക. യേശുദാസിന്റെ മിക്കപാട്ടുകളും നന്നായി ചെയ്യുമെങ്കിലും സന്യാസിനി, മാണിക്യവീണയുമായി, മംഗല്യത്താലിയിട്ട മണവാട്ടി എന്നീ ഗാനങ്ങള്‍ പെര്‍മോം ചെയ്യാന്‍ ഇഷ്ടമാണ്. ഇടയകന്യകേയാണ് മറ്റൊരു ഗാനം. ആളുകള്‍ എപ്പോഴും ഇഷ്ടത്തോടെ പാടിക്കുന്ന പാട്ടാണ് ഇടയകന്യകേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: