കൊച്ചി: എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഷോണ്‍ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. കെഎസ്ഐഡിസിക്കെതിരെ അന്വേഷണം ആരംഭിച്ചത് തന്റെ പരാതിയിലാണെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കൂടി കേൾക്കണമെന്നുമാണ് ഷോണ്‍ ജോര്‍ജ്ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷോണ്‍ ജോർജിന്റെ അപേക്ഷ തിങ്കളാഴ്ച കെഎസ്ഐഡിസിയുടെ ഹർജിയോടൊപ്പം ഹൈക്കോടതി പരിഗണിക്കും.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് കെഎസ്ഐഡിസിയുടെ വാദം.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് സേവനമൊന്നും നല്‍കാതെ സിഎംആര്‍എല്‍ എന്ന കരിമണല്‍ ഖനനക്കമ്പനിയില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ നേരത്തെയും ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയെസമീപിച്ചിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) മൂന്നംഗ കമ്മീഷനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ പകരം എസ് എഫ് ഐഒയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് കോടതിയെ സമീപിച്ചിരുന്നു. വൈകാതെ കേന്ദ്രസര്‍ക്കാര്‍ എസ് എഫ് ഐഒയെ അന്വേഷണച്ചുമതല ഏല്‍പിച്ചു. അറസ്റ്റിന് വരെ അധികാരമുള്ള സ്ഥാപനമാണ് എസ് എഫ് ഐഒ. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: