തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഏകദേശ രൂപം പുറത്തുവന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത രണ്ടു പേര് അടുത്ത ലോക് സഭയിലെ വന്‍നഷ്ടങ്ങളായിരിക്കുമെന്ന് പരിഹാസത്തോടെ അഡ്വ. ജയശങ്കര്‍. ചിന്താ ജെറോമിനെയും ആര്‍ഷോയേയുമാണ് ലോക് സഭയുടെ നഷ്ടങ്ങള്‍ എന്ന് അഡ്വ. ജയശങ്കര്‍ വിളിച്ചത്.
ഇവര്‍ ഇരുവരും സ്ഥാനാര്‍ത്ഥികളാകുമെന്ന് നേരത്തേ മുതലേ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ രണ്ടുപേരും ഇല്ല. ലോക് സഭയിലേക്ക് സ്ഥാനം കിട്ടാതെപ്പോയ രണ്ട് മഹാപ്രതിഭകളാണ് ഇവര്‍ രണ്ടുപേരുമെന്നും ജയശങ്കര്‍ പറയുന്നു.
പാര്‍ലമെന്റില്‍ അലങ്കാരമായി മാറേണ്ടിയിരുന്നവരാണ് ചിന്താ ജെറോമും ആര്‍ഷോയും. കൊല്ലത്ത് ശക്തയായ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചാല്‍ മാത്രമേ എന്‍.കെ. പ്രേമചന്ദ്രനെ തോല്പിക്കാന് കഴിയൂ എന്നത് പ്രശസ്തമാണ്. 2014ല്‍ പൊളിറ്റ് ബ്യൂറോ മെംബറായ സഖാവ് എം.എ. ബേബിയെ തോല്പിച്ചിട്ടാണ് പ്രേമചന്ദ്രന് പാര്‍ലമെന്റില്‍ എത്തിയത്. 2019ല്‍ സാമൂദായിക സമവാക്യങ്ങള്‍ നോക്കി ബാലഗോപാലിനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും 1.58 ലക്ഷം വോട്ടുകള്‍ക്ക് പ്രേമചന്ദ്രന് വീണ്ടും ജയിച്ചു. ഇക്കുറി മുകേഷിനെയാണ് നിര്‍ത്തിയിരിക്കുന്നത്. സത്യത്തില്‍ കൊല്ലത്ത് നല്ല പുള്ളിംഗ് പവര്‍ ഉള്ള സ്ഥാനാര്‍ത്ഥിയാണ് വേണ്ടിയിരുന്നത്. അതിന് ചിന്താ ജെറോമിനേക്കാള്‍ പറ്റിയ വേറൊരാള് ഇല്ലെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു. അവര്‍ക്ക് യുവജനക്ഷേമകമ്മീഷന്റെ ഉത്തരവാദിത്വം ഒഴിഞ്ഞ് ചുമതലകളില്ലാതെ കഴിയുകയാണ്. അവര്‍ ഇംഗ്ലീഷില്‍ എംഎമാത്രമല്ല, ഡോക്ടറേറ്റുമുണ്ട്. പൊളിറ്റിക്സ് ഈസ് ഇംപോസിബിലിറ്റി ഓഫ് പോസിബിളിറ്റി ഓഫ് ഇംപോസിബിലിറ്റി എന്ന വലിയ രാഷ്ട്രമീമാംസാതത്വം അവതരിപ്പിച്ച ആളാണ്. ദേശീയ രാഷ്ട്രീയത്തിന് ഈ സഹോദരി പോയിരുന്നെങ്കില്‍ നന്നായിരുന്നു. അവര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചൈതന്യം എന്നോ പാര്‍ലമെന്റിന്റെ മണികിലുക്കം എന്നോ അറിയപ്പെട്ടേനെ. സിപിഎം ജില്ലാകമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ഏകകണ്ഠമായി മുകേഷിന്റെ പേരാണ് നിര്‍ദേശിച്ചത്. ചിന്തേച്ചി ആയിരുന്നെങ്കില്‍ പൊളിച്ചേനെ- ജയശങ്കര്‍ പറഞ്ഞു.
അതുപോലെ ഫാസിസത്തിനെതിരായ ചെറുത്തുനില്പ് വേണ്ട ഈ കാലത്ത്, പാലക്കാട് പരിഗണിക്കേണ്ട പേരായിരുന്നു സഖാവ് പി.എം. ആര്‍ഷോയുടേത്. പാര്‍ലമെന്റില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക നേരെ വിരല്‍ ചൂണ്ടി ‘ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ ഊച്ചാളി’ എന്ന മാതൃകയില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്ന പോരാളിയാണ് ആര്‍ഷോ. മുകേഷും എം.വി. ജയരാജനും ജോയിയും മോശക്കാരല്ല. പക്ഷെ മോദിയ്ക്ക് നേരെ കൈചൂണ്ടി മുദ്രാവാക്യം വിളിക്കാനുള്ള ശക്തി ആര്‍ഷോയ്ക്കേ ഉള്ളൂ.- ജയശങ്കര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: